പാലക്കാട് സിപിഐയിൽ അസ്വാരസ്യങ്ങളും വിഭാഗീയതയും രൂക്ഷം, കൂട്ടരാജി തുടരുന്നു

അസ്വാരസ്യങ്ങളും വിഭാഗീയതയും രൂക്ഷമായതിനെ തുടർന്ന് പാലക്കാട് സിപിഐയിൽ കൂട്ടരാജി തുടരുന്നു. നെന്മാറ മണ്ഡലം സെക്രട്ടറിയെ ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തിയതിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി. ഏഴ് ബ്രാഞ്ച് സെക്രട്ടറിമാരും രണ്ട് ബാങ്ക് ഡയറക്ടർമാരും രണ്ട് പഞ്ചായത്തംഗങ്ങളുമാണ് രാജിവെച്ചത്.

മണ്ണാർക്കാട്, നെന്മാറ മണ്ഡലങ്ങളിൽ നിന്നായി 21 ബ്രാഞ്ച് സെക്രട്ടറിമാരാണ് സ്ഥാനമൊഴിഞ്ഞത്. ഇവർ വിവിധ ലോക്കൽ സെക്രട്ടറിമാർക്കും മണ്ഡലം സെക്രട്ടറിക്കും രാജിക്കത്ത് നൽകി. നെന്മാറ ലോക്കൽ സെക്രട്ടറിയും ഒമ്പത് ബ്രാഞ്ച് സെക്രട്ടറിമാരും എലവഞ്ചേരിയിലെ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരുമാണ് രാജിവെച്ചത്.

സിപിഐ ജില്ലാ നേതൃത്വം ഏകപക്ഷീയമായ തീരുമാനങ്ങൾ എടുത്തതിൽ പ്രതിഷേധിച്ച് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. വിഭാഗീയ പ്രവർത്തനം നടത്തി എന്ന് ആരോപിച്ച് മുഹ്സിനെ ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും തരംതാഴ്‌ത്തിയാണ് പാർട്ടി നടപടി സ്വീകരിച്ചത്. മുഹ്സിന്റേത് അപക്വമായ നിലപാടെന്നാണ് നേതൃത്വം വിലയിരുത്തുകയും ചെയ്തിരുന്നു.