എംവി ഗോവിന്ദന്‍ സിപിഎം ആക്ടിങ് സെക്രട്ടറി.

തിരുവനന്തപുരം. തദ്ദേശ സ്വയം ഭരണമന്ത്രി എംവി ഗോവിന്ദന്‍ സിപിഎം ആക്ടിങ് സെക്രട്ടറി. അനാരോഗ്യത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയില്‍ പോകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഞായറാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായത്.

കോടിയേരി ബാലകൃഷ്ണന് കാൻസർ രോഗം കഠിനമായി തീരെ വയ്യാതായ അവസ്ഥയിലാണ് പകരക്കാരനായി എം.വി.ഗോവിന്ദനെ സിപിഎം നിയോഗിച്ചത്. കോടിയേരിക്ക് ചുമതല നിർവഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആണ് തീരുമാനമെന്ന സി പി എം വിശദീകരണവും ഉണ്ടായി. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.വിജയരാഘവൻ, എം.എ.ബേബി എന്നിവർ പങ്കെടുത്ത സംസ്ഥാന സമിതി യോഗമാണ് എം.വി.ഗോവിന്ദനെ സിപിഎം സംസ്ഥാനസെക്രട്ടറിയുടെ ചുമതല നൽകാൻ തീരുമാനയിച്ചത്. ഇ.പി.ജയരാജന്റെ അധ്യക്ഷതയിലായിരുന്നു സംസ്ഥാന സമിതി നടന്നത്.

രാവിലെ ചേർന്ന സിപിഎം സംസ്ഥാന സംസ്ഥാന സെക്രട്ടേറിയറ്റ്, സ്ഥാനം ഒഴിയാമെന്ന കോടിയേരി ബാലകൃഷ്ണന്റെ തീരുമാനത്തിന് അംഗീകാരം നൽക്കുകയായിരുന്നു. അവധിയിൽ പോകാം എന്ന നിർദേശം സെക്രട്ടേറിയറ്റ് മുന്നോട്ടു വച്ചെങ്കിലും ഒഴിയാമെന്ന നിലപാടിൽ തന്നെ കോടിയേരി ഉറച്ചു നിന്നു. തുടർന്ന് ഈ തീരുമാനം സെക്രട്ടേറിയറ്റ് അംഗീകരിക്കുകയാണ് ഉണ്ടായത്. കോടിയേരിക്ക് പകരക്കാരനെ നിശ്ചയിക്കുന്നതിനെ ചൊല്ലി നടന്ന ചർച്ചയിൽ പിബി അംഗം എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ.ബാലൻ, ഇ.പി.ജയരാജൻ എന്നിവരുടെ പേരുകളായിരുന്നു പരിഗണനയിൽ എത്തുന്നത്. സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി കോടിയേരിയെ നേരിൽക്കണ്ട് തീരുമാനം അറിയിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കോടിയേരി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. തിങ്കളാഴ്ച കോടിയേരി ചികിത്സയ്ക്കായി ചെന്നൈക്ക് തിരിക്കുകയാണ്..

യോഗങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണന്റെ ഫാള്റ്റിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. എം.വി.ഗോവിന്ദൻ സെക്രട്ടറി സ്ഥാനം ഏൽക്കുന്നതോടെ മന്ത്രിസ്ഥാനമൊഴിയു. അത് മന്ത്രിസഭയുടെ പ്രതിച്ഛായ നന്നാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പുനഃസംഘടനക്കും വഴിയൊരുങ്ങും എന്നാണു പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ദേശാഭിമാനി ദിനപ്പത്രത്തിന്റെ മുന്‍ ചീഫ് എഡിറ്ററുമായിരുന്ന എംവി ഗോവിന്ദന്‍ നിലവില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആണ്. ഇതിനിടെ കോടിയേരി ബാലകൃഷ്ണനെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, എംഎ ബേബി എന്നിവര്‍ അദ്ദേഹത്തിന്റെ ഫ്‌ളാറ്റിലെത്തി സന്ദര്‍ശിച്ചു. സിപിഎമ്മിന്റെ ചുമതലകള്‍ നിര്‍വഹിക്കാനുള്ള പരിമിതികള്‍ അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.