മഹിന്ദ രജപക്സെ രാജ്യം വിട്ടെന്ന വാർത്തകൾ നിഷേധിച്ച് നമൽ രജപക്സെ

കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച മഹിന്ദ രജപക്സെ രാജ്യം വിട്ടെന്ന വാർത്തകൾ നിഷേധിച്ച് മകനും മുൻമന്ത്രിയുമായ നമൽ രജപക്സെ. ജനരോഷം ശക്തമായതിന് പിന്നാലെ മഹിന്ദയും കുടുംബവും ഇന്ത്യയിലേക്ക് കടന്നെന്ന അഭ്യൂഹം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി നമൽ രംഗത്ത് എത്തിയത്.

രോഷാകുലരായ ജനക്കൂട്ടം ഉപരോധിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച രാത്രി മഹിന്ദയെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് സൈന്യത്തിന് ഒഴിപ്പിക്കേണ്ടി വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രജപക്സെ കുടുംബത്തിനെതിരെ ജനരോഷം ശക്തമായി തുടരുകയും പ്രക്ഷോഭകർ തെരുവിൽ തുടരുകയും ചെയ്യുമ്പോഴും രാജ്യം വിടാൻ പദ്ധതിയില്ലെന്ന നിലപാടിലാണ് രജപക്സെ കുടുംബം.