അവന്‍ തോല്‍ക്കാന്‍ പാടില്ല.. അവന്‍ തോറ്റാല്‍ നമുക്കെല്ലാം നാണക്കേടാ, നന്ദുവിന്റെ കുറിപ്പ്

കാന്‍സര്‍ എന്ന മഹാവ്യാധിയോട് പടവെട്ടി ജീവിക്കുന്ന യുവാവാണ് നന്ദു മഹാദേവ. കാന്‍സര്‍ ബാധിച്ച് ഒരു കാല്‍ നഷ്ടമായിട്ടും ശരീരത്തിന്റെ പലഭാഗത്ത് രോഗം പിടിപെട്ടിട്ടും പൊരുതുകയാണ് ഈ യുവാവ്. സമയം കിട്ടുമ്പോഴൊക്കെ സോഷ്യല്‍ മീഡിയകളില്‍ നന്ദു കുറിപ്പ് പങ്കുവെയ്ക്കാറുണ്ട്. കാന്‍സര്‍ രോഗികളായ മറ്റുള്ളവരുടെ വിവരങ്ങളും നന്ദു പങ്കുവെയ്ക്കാറുണ്ട്. അത്തരത്തില്‍ നന്ദു പങ്കുവെച്ച പുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. കാന്‍സര്‍ ബാധിച്ച ശിവകുമാറിനെ കുറിച്ചാണ് നന്ദുവിന്റെ പുതിയ കുറിപ്പ്. അദ്ദേഹം തുടങ്ങിയ പുതിയ സംരംഭത്തെ കുറിച്ചും നന്ദു പറഞ്ഞു.

നന്ദു മഹാദേവയുടെ കുറിപ്പ്; ഈ മൊതലിനെ ഒക്കെ മാതൃകയാക്കിയാല്‍ ജീവിതത്തില്‍ ഒരിക്കലും ആരും തളരില്ല. 4വേ സ്റ്റേജ് ലിംഫോമയുടെ ചികിത്സ കഴിഞ്ഞിട്ട് ഇപ്പോ ദേ വെറും ആറു മാസം.. ഇതാണ് പ്രിയ സുഹൃത്ത് ശിവകുമാര്‍.. തന്നെ നശിപ്പിക്കാന്‍ വന്ന ക്യാന്‍സറിനെ തട്ടി കണ്ടതിലേക്കിട്ടിട്ട് ഇന്ന് മുതല്‍ അവനിറങ്ങുകയാണ് പുതിയൊരു സംരംഭവുമായി.. ചാരൂസ് ട്രാവല്‍സ് ഈ മനുഷ്യനെയൊക്കെ സപ്പോര്‍ട്ട് ചെയ്തില്ലേല്‍ പിന്നെ ആരെയാണ് സപ്പോര്‍ട്ട് ചെയ്യുക.. ദുബായില്‍ ഡ്രൈവര്‍ ആയി ജോലി നോക്കിക്കൊണ്ടിരുന്ന സമയത്താണ് അവന്റെ ജീവിതത്തിലേക്ക് അര്‍ബുദം കരി നിഴല്‍ വീഴ്ത്തിയത്.. അവിടന്ന് പിന്നെ നീണ്ട ഒരു വര്‍ഷക്കാലം പൊരിഞ്ഞ യുദ്ധമായിരുന്നു..

ഇപ്പോള്‍ ചികിത്സ ഒക്കെ കഴിഞ്ഞെങ്കിലും മൂന്നു മാസം കൂടുമ്പോള്‍ നല്ലൊരു തുക ആകും ചെക്കപ്പിനും സ്‌കാനിംഗിനും മരുന്നിനും ഒക്കെയായിട്ട്.. തിരിച്ചു ഗള്‍ഫിലേക്ക് പോകാന്‍ പറ്റാതെ അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് ഇവിടെ തന്നെ സ്വന്തമായി എന്തെങ്കിലും ചെയ്ത് പിടിച്ചു നില്‍ക്കണം എന്ന് ആഗ്രഹം തോന്നി ഒരു വണ്ടി എടുത്ത് ഓടാന്‍ തീരുമാനിച്ചത്.. അവന്‍ തോല്‍ക്കാന്‍ പാടില്ല.. അവന്‍ തോറ്റാല്‍ നമുക്കെല്ലാം നാണക്കേടാണല്ലോ… പ്രിയമുള്ളവരുടെ സ്‌നേഹവും പ്രാര്‍ത്ഥനകളും അകമഴിഞ്ഞ പിന്തുണയും ഒപ്പമുണ്ടാകണം.. അതോടൊപ്പം എന്തെങ്കിലും ആവശ്യത്തിന് ടാക്‌സി വിളിക്കേണ്ടി വന്നാല്‍ ഈ മുഖം മറക്കരുത്..

ആരോഗ്യമുണ്ടായിട്ടും മടിപിടിച്ചു ജോലിക്ക് പോകാതെ കറങ്ങി നടക്കുന്നവര്‍ക്കൊക്കെ മാതൃകയാകട്ടെ അവന്റെ മുന്നോട്ടുള്ള പ്രയാണം.. അത് മാത്രമല്ല , നിലവില്‍ ക്യാന്‍സര്‍ ചികിത്സ എടുത്തുകൊണ്ടിരിക്കുന്നവര്‍ക്കും എല്ലാം അവസാനിച്ചു എന്നു പറഞ്ഞ് മനസ്സു മരവിച്ചിരിക്കുന്നവര്‍ക്കുമൊക്കെ ഒരു പ്രത്യാശ നല്‍കുന്നതാകട്ടെ പ്രിയപ്പെട്ടവന്റെ ഈ തുടക്കം… അനുഗ്രഹിക്കൂ ആശീര്‍വദിക്കൂ…