മോദിയുടെ ​ഗ്യാരന്റി, വനിതാ സംവരണ ബിൽ വലിയ നേട്ടം, ക്ഷേമ വികസന പ്രവർത്തനങ്ങൾ ഉയർത്തികാട്ടി പ്രധാനമന്ത്രി

നടപ്പാക്കിയ പദ്ധതികള്‍ എണ്ണിയെണ്ണി പറഞ്ഞു മോദിയുടെ ഗ്യാരണ്ടി.പത്തുവര്‍ഷത്തിനിടെ സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി.രാജ്യത്ത് സ്ത്രീകള്‍ക്ക് പത്തുകോടി ഉജ്വല കണക്ഷന്‍ നല്‍കി. ഇത് സാധ്യമായത് എങ്ങനെയാണ്? ‘മോദിയുടെ ഗ്യാരണ്ടി’. 11 കോടി സഹോദരിമാര്‍ക്ക് പൈപ്പ് വെള്ളം നല്‍കി. ശൗചാലയം നിര്‍മ്മിച്ച് നല്‍കി. ഇതെല്ലാം സാധ്യമായത് മോദിയുടെ ഗ്യാരണ്ടി വഴിയാണ്. ഇത്തരത്തില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി നടപ്പാക്കിയ പദ്ധതികള്‍ മോദി എണ്ണിയെണ്ണി പറഞ്ഞപ്പോള്‍ സദസ്സും ഇത് ഏറ്റുവിളിച്ചു. ബിജെപി തൃശൂരിൽ സംഘടിപ്പിച്ച ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.

കേരളത്തിലെ ‘എന്റെ അമ്മമാരെ സഹോദരിമാരെ’ എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്ത് കൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. എന്നെ അനുഗ്രഹിക്കാന്‍ എത്തിയ എല്ലാ സ്ത്രീകളോടും നന്ദി. എല്ലാ വനിതകള്‍ക്ക് പുതുവത്സരാശംസകള്‍ നേരുന്നു. ഇന്നലെയായിരുന്നു മന്നത്ത് പത്മനാഭന്റെ ജയന്തി ദിനം. അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു. വാരാണസിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ തന്റെ ഏറ്റവും വലിയ ഭാഗ്യമാണ് ഇവിടെ വടക്കുംനാഥന്‍ ക്ഷേത്രത്തില്‍ മഹാദേവന്റെ മണ്ണില്‍ നിന്ന് സംസാരിക്കാന്‍ കഴിഞ്ഞത്. ഇവിടെ എത്തിച്ചേര്‍ന്നിട്ടുള്ള എല്ലാവരിലും തൃശൂര്‍ പൂരത്തിന്റെ ആവേശമാണ് കാണുന്നതെന്നും മോദി പറഞ്ഞു.

‘മോദി ഗ്യാരന്റി’യില്‍ ഊന്നി തൃശ്ശൂരില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകള്‍ക്കായി ചെയ്ത കാര്യങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ പ്രധാനമന്ത്രി എല്ലാം സാധ്യമായത് മോദിയുടെ ഗ്യാരന്റിയാണെന്ന് മലയാളത്തില്‍ ആവര്‍ത്തിച്ച് എടുത്തുപറഞ്ഞു. മുസ്‌ലിം സഹോദരിമാര്‍ക്ക് മുത്തലാഖില്‍ നിന്ന് മോചനം നേടിക്കൊടുത്തതും മോദിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

18-ഓളം തവണ മോദിയുടെ ഗ്യാരന്റിയെന്ന് പ്രസംഗത്തില്‍ ആവര്‍ത്തിച്ച പ്രധാനമന്ത്രി, ചടങ്ങിനെത്തിയവരേക്കൊണ്ടും മോദിയുടെ ഗ്യാരന്റിയെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം ഏറ്റുവിളിപ്പിച്ചു. ‘കേരളത്തിലെ എന്റെ അമ്മമാരെ സഹോദരിമാരെ’ എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി സംസാരിച്ചത്.

പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയ പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററിലാണ് തൃശൂരിലേക്ക് വന്നത്. തുടര്‍ന്ന് തൃശ്ശൂരിനെ ഇളക്കിമറിക്കുന്ന റോഡ് ഷോ നടത്തിയ ശേഷമാണ് തേക്കിന്‍കാട് മൈതാനിയില്‍ നടന്ന മഹിളാസംഗമത്തിലേക്ക് എത്തിയത്.

‘ഇപ്പോള്‍ നാട്ടില്‍ മുഴുവന്‍ ചര്‍ച്ച മോദിയുടെ ഉറപ്പിനെ കുറിച്ചാണ്. പക്ഷേ, ഞാന്‍ വിശ്വസിക്കുന്നത്, സ്ത്രീകളുടെ ശക്തിയാണ് ഈ നാടിനെ വികസിത രാഷ്ട്രമാക്കുന്നതില്‍ ഏറ്റവും വലിയ ഉറപ്പ് എന്നാണ്. സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ സ്ത്രീശക്തിയെ ദുര്‍ബലമായിട്ടാണ് കണക്കാക്കിയത്. ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് സംവരണ നല്‍കാനുള്ള നിയമം കോണ്‍ഗ്രസും ഇടതുപക്ഷവും ദശകങ്ങളായി തീരുമാനമെടുക്കാതെ വെച്ചിരിക്കുകയായിരുന്നു. എന്നാല്‍, മോദി സര്‍ക്കാര്‍ നിങ്ങള്‍ക്ക് അധികാരം ഉറപ്പാക്കുന്ന തീരുമാനമെടുത്തു. കോണ്‍ഗ്രസും ഇടതുപക്ഷവും ഭരിച്ചിരുന്ന കാലങ്ങളില്‍ മുത്തലാഖില്‍ മുസ്‌ലിംസ്ത്രീകള്‍ ഏറെ ബുദ്ധിമുട്ടനുഭവിച്ചിരുന്നു. പക്ഷേ, മോദി സര്‍ക്കാര്‍ മുസ്‌ലിം സഹോദരിമാര്‍ക്ക് മുത്തലാഖില്‍ നിന്ന് മോചനം നേടിക്കൊടുത്തു’, പ്രധാനമന്ത്രി പറഞ്ഞു.

എന്‍ഡിഎ സര്‍ക്കാരിന് നാല് ജാതികളാണ് പ്രധാനം. അതില്‍ ഒന്ന് ഈ നാട്ടിലെ ദരിദ്രരരാണ്, മറ്റൊന്ന് ഇവിടുത്തെ യുവാക്കളാണ്. മറ്റുരണ്ടും കര്‍ഷകരും സ്ത്രീകളുമാണ്. അവരുടെ വികസനം സാധ്യമാകുമ്പോള്‍ മാത്രമാണ് ഈ നാടിന്റെ വികസനം സാധ്യമാകുക. അതുകൊണ്ട് ഈ നാല് ജാതിയിലുള്ളവര്‍ക്ക് ഈ സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കാന്‍ പ്രയത്‌നിക്കുന്നു.

കോണ്‍ഗ്രസ്-ഇടതുപക്ഷ കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍പോലും ലഭ്യമായിരുന്നില്ല. അവിടെനിന്നാണ് മോദിയുടെ ഉറപ്പ് അവര്‍ക്ക് ലഭിക്കുന്നത്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹത്തോടെയാണ് ഈ ഉറപ്പുകള്‍ പാലിക്കാന്‍ തനിക്ക് സാധിച്ചതെന്നും മോദി പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സ്ത്രീകളുടെ ജീവിതം സുഖകരമാക്കുന്നിതിന് വിവിധ പദ്ധതികള്‍ കൈക്കൊണ്ടു. പത്ത് ലക്ഷം ഉജ്ജ്വല കണക്ഷനുകള്‍ നല്‍കി, 11 കോടി കുടുംബങ്ങളിലെ സഹോദരിമാര്‍ക്ക് പൈപ്പിലൂടെ വെള്ളം നല്‍കി, 12 കോടി കുടുംബങ്ങളിലെ സഹോദരിമാര്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കി, ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകള്‍ നല്‍കുന്ന പദ്ധതി ആരംഭിച്ചു. കേരളത്തിലെ 60 ലക്ഷം സ്ത്രീകള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചു. 30 കോടിയിലധികം മഹിളാ ഉപഭോക്താക്കള്‍ക്ക് മുദ്ര വായ്പകള്‍ നല്‍കി, ഗര്‍ഭിണികള്‍ക്കുള്ള പ്രസവാവധി 26 ആഴ്ചയായി വര്‍ധിപ്പിച്ചു, സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് അഡ്മിഷന്‍ ആരംഭിച്ചു. ലോക്‌സഭയിലും നിയമസഭയിലും സ്ത്രീകള്‍ക്ക് സംവരണം നൽകി- ഇതെല്ലാം മോദിയുടെ ഗ്യാരന്റിയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.