ജനിച്ചത് ചാപിള്ളയെന്ന് അധികൃതർ, സംസ്‌കാരത്തിന് തൊട്ടുമുൻപ് ഉറക്കെക്കരഞ്ഞ് കുഞ്ഞ്, തിരികെ ജീവിതത്തിലേക്ക്

സിൽചർ (അസം) : ചാപിള്ളയെന്ന് ആശുപത്രി അധികൃതർ വിധിയെഴുതിയ കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്. സിൽചറിലെ സ്വകാര്യ ആശുപത്രിയിൽ ഗർഭത്തിന്റെ ആറാംമാസം ‘ജീവനില്ലാതെ’ പിറന്ന കുഞ്ഞാണ് നാടകീയ നിമിഷങ്ങളിലൂടെ ജീവിതത്തിനു തുടക്കമിട്ടത്. 6 മാസം ഗർഭിണിയായ ഭാര്യയെ അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നു ഭർത്താവ് രത്തൻ. എന്നാൽ നില അതീവ ഗുരുതരമായിരുന്നു.

അമ്മയെയോ കുഞ്ഞിനെയോ ഒരാളെ മാത്രമേ കിട്ടുവെന്ന് ഉറപ്പിച്ചു പറഞ്ഞു. തുടർന്നു പ്രസവം നടത്തി അമ്മയെ രക്ഷിക്കാൻ ബന്ധുക്കൾ നിർദേശിച്ചു. ചാപിള്ളയെയാണു പ്രസവിച്ചതെന്നു ഡോക്ടർമാർ പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം പാക്കറ്റിലാക്കി ബന്ധുക്കൾക്കു നൽകി. മൃതദേഹവുമായി സംസ്‌കാര ചടങ്ങുകൾക്കായി ബന്ധുക്കൾ വീട്ടിലെത്തി. ചടങ്ങ് നടത്തുന്നതിനായി പാക്കറ്റ് തുറന്നപ്പോൾ കുഞ്ഞ് വാവിട്ടു കരഞ്ഞു.

ബന്ധുക്കൾ ഉടൻ തന്നെ കുഞ്ഞിനെയെടുത്ത് ആശുപത്രിയിലേക്കു പാഞ്ഞു. ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ആശുപത്രിക്കെതിരെ ചികിത്സാ പിഴവിന് മാതാപിതാക്കൾ പരാതി നൽകി. കുഞ്ഞ് കരഞ്ഞതുകൊണ്ട് മാത്രമാണ് ജീവനുണ്ടെന്ന് അറിയാനായത്.