കാശ്മീർ ഇല്ലാതെ ഇന്ത്യയുടെ ഭൂപടം, അരുണാചലിനെ തർക്ക പ്രദേശമായി കാണിക്കാനും ഗൂഢാലോചന , കൈപ്പറ്റിയത് 115 കോടി, ന്യൂസ് ക്ലിക്ക് എഡിറ്റർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

കശ്മീരും അരുണാചൽ പ്രദേശും തർക്ക പ്രദേശങ്ങളാണെന്ന് പ്രചരിപ്പിക്കാൻ ചൈന അനുകൂല പ്രചരണത്തിന് ഗൂഢാലോചന നടത്തി പണം കൈപ്പറ്റി. ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുരകായസ്ഥക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ദൽഹി പോലീസിന്റെ റിമാൻ്റ് റിപ്പോർട്ട്.

അമേരിക്കൻ വ്യാപാരിയും കോടീശ്വരനുമായ നെവിൽ റോയ് സിംഘവുമായി നടത്തിയ ഗൂഢാലോചനയ്‌ക്ക് ശേഷമായിരുന്നു ഇതിനായുള്ള നീക്കങ്ങൾ മാധ്യമ സ്ഥാപനം ആരംഭിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇതിനായി 115 കോടിയിലേറെ രൂപ വിദേശഫണ്ട് സ്വീകരിച്ചു. ഇതിനായുളള തെളിവുകൾ പോലീസിന് ലഭിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

ഡൽഹി പൊലീസ് ഇ-മെയിലുകൾ പരിശോധിച്ചപ്പോൾ സിംഗം, പുർകയസ്ത, ചക്രവർത്തി എന്നിവർ പരസ്പരം നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും കാശ്മീർ ഇല്ലാതെ ഇന്ത്യയുടെ ഭൂപടം എങ്ങനെ സൃഷ്ടിക്കാമെന്നും അരുണാചൽ പ്രദേശിനെ തർക്ക പ്രദേശമായി കാണിക്കാമെന്നും ചർച്ച ചെയ്യുന്നതായി കണ്ടെത്തി.

2019ലെ പൊതുതെരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി ആൻഡ് സെക്യുലറിസവുമായി ചേർന്ന് പുർക്കയസ്ഥ ഗൂഢാലോചന നടത്തിയതായി സൂചന. ന്യൂസ്‌ക്ലിക്കിന്റെ ഉടമസ്ഥതയിലുള്ള പീപ്പിൾസ് ഡിസ്‌പാച്ച് പോർട്ടൽ, ഗൂഢാലോചനയുടെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ അനധികൃത വിദേശ ഫണ്ടുകൾക്ക് പകരമായി പെയ്‌ഡ് ന്യൂസ് വഴി ഈ തെറ്റായ വിവരണങ്ങൾ മനഃപൂർവം പ്രചരിപ്പിക്കാൻ ഉപയോഗിച്ചതായും റിപ്പോർട്ട്.

ചൊവ്വാഴ്ചയായിരുന്നു വ്യാജ വാർത്ത ചമയ്‌ക്കാൻ ചൈനയിൽ നിന്നും ധനസമാഹരണം നടത്തിയതിന് പ്രബിറിനെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്കിന്റെ ഓഫീസുകളിൽ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദൽഹി പട്യാല ഹൗസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്ന പോലീസ് ആരോപണം നിഷേധിച്ച് ന്യൂസ് ക്ലിക്ക് രംഗത്തുവന്നിരുന്നു. ചൈനീസ് അജണ്ട നടപ്പാക്കിയിട്ടില്ലെന്നും, രാജ്യത്തെ നിലവിലുള്ള നിയമങ്ങൾ അനുസരിച്ചാണ് ഫണ്ട് കൈപ്പറ്റിയതെന്നും ന്യൂസ് ക്ലിക്ക് വ്യക്തമാക്കി.