ഡൽഹി മദ്യനയക്കേസ്, മനീഷ് സിസോദിയയ്ക്ക് എതിരായ തെളിവ് എന്താണെന്ന് ഇഡിയോട് സുപ്രീംകോടതി

ന്യൂഡല്‍ഹി. എന്താണ് ഡല്‍ഹി മദ്യനയക്കേസില്‍ എഎപി നേതാവ് മനീഷ് സിസോദിയയുടെ പങ്കെന്ന് ഇഡിയോടും സിബിഐയോടും സുപ്രീംകോടതി. കേസില്‍ സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതി ഇക്കാര്യങ്ങള്‍ ചോദിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മനീഷ് സിസോദിയ ഉള്‍പ്പെട്ടതായി തോന്നുന്നില്ലെന്നും കോടതി പറഞ്ഞു.

വിജയ് നായര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മനീഷ് സിസോദിയയില്ല. എങ്ങനെയാണ് കേസില്‍ സിസോദിയ കുറ്റക്കാരനായതെന്നും കോടതി ചോദിച്ചു. അതേസമയം കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഇഡി ദൃഢനിശ്ചയം എടുത്തിരിക്കുകയാണെന്ന് കോടതിയെ ഇഡി അറിയിച്ചു.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത എഎപി നേതാവും എംപിയുമായ സഞ്ജയ് സിങ്ങിനെ ഇഡി കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കേസില്‍ വ്യവസായി മൂന്ന് കോടി രൂപ സഞ്ജയ് സിങ്ങിന് നല്‍കിയെന്ന് ഇഡി കോടതിയില്‍ പറഞ്ഞു.

കേസില്‍ മുമ്പ് ഇഡി അറസ്റ്റ് ചെയ്ത ദിനേഷ് അറോറയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സഞ്ജയിയെ ഇഡി അറസ്റ്റ് ചെയ്തത്. ഇഡിക്ക് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ലഭിച്ചിരുന്നു. അഴിമതിയില്‍ സഞ്ജയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി.