പഴംതീനി വവ്വാലുകളില്‍ നിപ വൈറസ് കണ്ടെത്താനായില്ല

കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് പരത്തിയെന്ന് സംശയിക്കുന്ന പഴംതീനി വവ്വാലുകളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. ഭോപ്പാലിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

നാല് വവ്വാലുകളുടെ സാംപിളുകളാണ് ഭോപ്പാലിലേക്ക് അയച്ചത്. രക്തവും സ്രവങ്ങളും പരിശോധിച്ചെങ്കിലും വൈറസ് കണ്ടെത്തിയിട്ടില്ല. സാബിത്തിന്റെ വീട്ടിലെ മുയലുകളുടെ സാംപിളുകളും പരിശോധിച്ചെങ്കിലും അതിലും വൈറസ് കണ്ടെത്താനായില്ല. പരിശോധന തുടരും. പതിമൂന്ന് സാമ്പിളുകളാണ് അയച്ചിരുന്നത്. ഇവയുടെ എല്ലാം ഫലം നെഗറ്റീവാണ്. ചങ്ങരോത്തിന് അടുത്തുള്ള ജാനകിക്കാട്ടില്‍നിന്നാണ് പഴംതീനി വവ്വാലുകളെ ശേഖരിച്ചത്.

നേരത്തെ പ്രാണിതീനി വവ്വാലുകളെയും പരിശോധനയ്ക്ക് അയച്ചിരുന്നു. ആ ഫലവും നെഗറ്റീവ് ആയിരുന്നു. രോഗബാധയുണ്ടായ പ്രദേശത്തെ കിണറ്റില്‍ നിന്നുമായിരുന്നു പ്രാണിതീനി വവ്വാലുകളെ പിടിച്ചത്. കന്നുകാലി, ആട്, പന്നി തുടങ്ങിയവയുടെയും സാമ്പിളുകള്‍ അയച്ചിരുന്നു. ഇവയുടെയും പരിശോധനാ ഫലം നെഗറ്റീവാണ്.

അതേസമയം ആദ്യഫലങ്ങള്‍ നെഗറ്റീവാണെങ്കിലും നിപ വൈറസിന്റെ ഉറവിടം വവ്വാലുകള്‍ തന്നെയാണെന്ന നിഗമനത്തില്‍ തന്നെയാണ് ആരോഗ്യവകുപ്പും, ആരോഗ്യവിദഗ്ദ്ധരുമുള്ളത്. മലേഷ്യയിലും ബംഗ്ലാദേശിലും വൈറസ് കണ്ടെത്തിയത് പഴംതീനി വാവ്വലുകളില്‍ നിന്നാണ്.