സഖ്യവുമായി ഒത്തുപോകാൻ പരമാവധി ശ്രമിച്ചു, ഇൻഡി സഖ്യത്തിന്റെ മെല്ലെപ്പോക്ക് മുന്നണി വിടാൻ കാരണമായെന്ന് നിതീഷ് കുമാർ

പട്‌ന: ഇന്ത്യാ സഖ്യത്തിന്റെ മെല്ലെപ്പോക്ക് കാരണമാണ് മുന്നണി വിട്ടതെന്ന് ജനതാദള്‍ യുണൈറ്റഡ് നേതാവ് നിതീഷ് കുമാര്‍. ഇന്ത്യാ സഖ്യവുമായി ഒത്തൊരുമിച്ച് പോകാന്‍ പരമാവധി ശ്രമിച്ചുവെന്നും പക്ഷേ തന്റെ ആവശ്യങ്ങള്‍ക്കൊന്നും സമയബന്ധിതമായ പ്രതികരണം ഉണ്ടാകാത്തതിനാലാണ് സഖ്യത്തില്‍നിന്നും പുറത്തുവന്നതെന്നും നിതീഷ് കുമാര്‍.

മന്ത്രിമാരായ വിജേന്ദ്ര യാദവിനും സഞ്ജയ് ഝായ്‌ക്കുമൊപ്പമാണ് നിതീഷ് കുമാര്‍ രാജി സമര്‍പ്പിക്കാനെത്തിയത്. ‘ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഞാനിന്ന് രാജിവെച്ചു. മന്ത്രിസഭ പിരിച്ചുവിടുന്നതായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകറിനെ അറിയിച്ചു. എല്ലാ കാര്യങ്ങളും ശരിയായരീതിയില്‍ അല്ലായിരുന്നതുകൊണ്ടാണ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടായത്. ഞാന്‍ എല്ലാവരേയു കേട്ടു, എല്ലാവരില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ചു.

ഒടുവില്‍ മന്ത്രിസഭ പിരിച്ചുവിടാന്‍ തീരുമാനിച്ചു. ഇന്ത്യാ സഖ്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ എന്നാലാവുംവിധം എല്ലാം ചെയ്തു. പക്ഷേ സഖ്യ കക്ഷികളില്‍ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല,’ – നിതീഷ് കുമാര്‍ വ്യക്തമാക്കി.