ആത്മ സുഹൃത്തിന്റെ വേർപാടിൽ വിതുമ്പി നിവിൻ പോളി

ബാല്യ സുഹൃത്തിന്റെ വേർപാടിൽ നിറകണ്ണുകളോടെ നടൻ നിവിൻ പോളി. ആലുവ മാഞ്ഞൂരാൻ വീട്ടിൽ നെവിൻ ചെറിയാൻ (38) ആണ് അപൂർവ രോഗം ബാധിച്ച് മരിച്ചത്. അമിയോട്രോപിക് ലാറ്ററൽ സ്‌ക്‌ളിറോസിസ് എന്ന അപൂർവങ്ങളിൽ അപൂർവമായ രോഗം ബാധിച്ചു കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു നെവിൻ.

വിദേശത്തു ജോലി ചെയ്യവേ ആണ് നെവിനു രോഗം സ്ഥിരീകരിക്കുന്നത്. ഒക്ടോബർ 11നായിരുന്നു മരണം. നിവിൻ പോളിയുടെയും സിജു വിൽസന്റെയും ബാല്യകാല സുഹൃത്താണ്. തിരക്കിനിടയിലും രോഗശയ്യയിലായിരുന്ന ആത്മസുഹൃത്തിനെ കാണാൻ സമയം കണ്ടെത്തി നിവിൻ ഓടിയെത്തിയിരുന്നു. സംവിധായകൻ അൽഫോൻസ് പുത്രൻറെ അടുത്ത ബന്ധു കൂടിയാണ് നെവിൻ.

ജന്മദിനത്തില്‍ തന്നെ നിവിനെ തേടി ഇങ്ങനെയൊരു ദുഃഖവാര്‍ത്ത എത്തിയതില്‍ ആരാധകര്‍ക്കും വലിയ വിഷമമുണ്ട്. പ്രിയ സുഹൃത്തിന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ നിവിന് വേഗം സാധിക്കട്ടെ എന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന. സുഹൃത്തിന്റെ വേര്‍പാടിനെ തുടര്‍ന്ന് ജന്മദിനത്തോട് അനുബന്ധിച്ചുള്ള പുതിയ സിനിമകളുടെ പ്രഖ്യാപനം നിവിന്‍ നീട്ടിവെച്ചു.