ഹമാസ് ഭീകരരെങ്കിൽ ഇസ്രായേൽ കൊടും ഭീകരർ എന്ന് കെ ടി ജലീൽ, ഇസ്രായേൽ – ഹമാസ് യുദ്ധത്തിൽ സിപിഎം നേതാക്കളിൽ ഭിന്നസ്വരം

മലപ്പുറം. ഹമാസ് ഭീകരരെങ്കിൽ ഇസ്രായേൽ കൊടും ഭീകരർ എന്ന് മുൻ മന്ത്രി കെ ടി ജലീൽ എംഎൽഎ. ​ഗാസയിൽ ഇസ്രായേൽ ഹമാസ് യുദ്ധം നടക്കവേ രാഷ്ട്രീയ സാമൂഹിക വ്യത്യാസമില്ലാതെ ഹമാസിനൊപ്പവും, ഇസ്രായേലിനൊപ്പവും നില്ക്കുന്ന നിരവധി ആളുകൾ രം​ഗത്തുവന്നു. സോഷ്യൽമീഡിയിൽ യുദ്ധത്തിന്റെ ചർച്ചകൾ യുദ്ധത്തെക്കാൾ വീര്യത്തോടെ നടക്കുന്നു. എന്നാൽ കെ ടി ജലീലിന്റെ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഹമാസ് ഭീകരരെങ്കിൽ ഇസ്രായേൽ കൊടും ഭീകരർ, ഹിറ്റ്ലർ ജൂതരോട് കാണിച്ച അതേ ക്രൂരതയാണ് ഇസ്രായേൽ ഫലസ്തീനോട് കാണിക്കുന്നത് എന്നാണ് ജലീൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ഇതിനു താഴെ നിരവധി കമന്റുകൾ വന്നു. ഇസ്രായേൽ – ഹമാസ് യുദ്ധത്തിൽ സിപിഎം നേതാക്കളിൽ ഭിന്നസ്വരം ആണ് ഇതിലൂടെ വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം കെ കെ ഷൈലജ ടീച്ചർ തന്റെ ഫേസ്ബുക്കിൽ ഹമാസ് ഭീകരർ എന്ന് അഭിസംബോധന ചെയ്ത പോസ്റ്റിന് നിരവധി കമന്റുകൾ വന്നിരുന്നു. അതിനുള്ള മറുപടിയെന്നോണമാണ് കെ ടി ജലീലിന്റെ കുറിപ്പെന്ന് ഇപ്പോൾ കമന്റുകൾ . എന്നാൽ അത് ഷൈലജ ടീച്ചർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കൂ ഇല്ലെങ്കിൽ പച്ചക്കലർന്ന ചുവപ്പിൽ ടീച്ചർക്ക് സ്ഥാനമില്ല എന്ന് മനസ്സിലാക്കി അവരെ പുറത്താക്കൂ എന്നാണ് വളരെ ശ്രദ്ധേയമായ കമന്റ്..

“അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും അനന്തരഫലമാണ് യുദ്ധങ്ങൾ.നിഷ്കളങ്കരായ അനേകം മനുഷ്യർ ഓരോ യുദ്ധത്തിലും കുരുതി കൊടുക്കപ്പെടുന്നു.ബോംബാക്രമണത്തിൽ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകൾ നമ്മുടെ ഉറക്കം കെടുത്തുന്നു.ഇസ്രയേലിന്റെ ജനവാസ മേഖലയിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും. അതോടൊപ്പം 1948 മുതൽ പലസ്തീൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള ഭീകരതയാണെന്നും അതിനു കാരണക്കാർ ഇസ്രയേലും അവർക്ക് പിന്തുണ നൽകുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്ന യാഥാര്ഥ്യം മറച്ചുവെക്കാൻ കഴിയില്ല.
മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായ യുദ്ധങ്ങളിൽ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി നെടുവീർപ്പിടുക മാത്രമല്ല പ്രതിഷേധിക്കുക കൂടി ചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്വം”എന്നതായിരുന്നു കെ കെ ഷൈലജ ടീച്ചറിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഇസ്രായേലിൽ അക്രമം അഴിച്ചു വിട്ടത് ഇസ്ലാമിക ഭീകരരാണെന്ന് സിപിഎം പറയാൻ മടിക്കുമ്പോഴാണ് ഹമാസ് ഭീകരരാണ് ഇസ്രായേലിൽ മനുഷ്യരെ കൊന്നൊടുക്കുന്നതെന്ന് കെ.കെ ഷൈലജ തുറന്നു പറഞ്ഞിരിക്കുന്നത്. വിവാദമായതോടെ ഹമാസ് ഭീകരർഎന്ന പ്രയോ​ഗം മാറ്റി വെറും ഹമാസ് എന്നാക്കിയതും ചർച്ചയായിരുന്നു.