നിയമസഭയിൽ പ്രതിപക്ഷ ബഹളം ; ജനം എല്ലാം കാണുന്നു, അടുത്ത തിരഞ്ഞെടുപ്പില്‍ ഷാഫി തോൽക്കും: സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടിസ് അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. സ്പീക്കറെ മറയ്ക്കുന്ന തരത്തില്‍ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി.ഇതിനിടെ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു.

ഷാഫി പറമ്പിലിന് പിന്നാലെ റോജി എം. ജോണിനെയും ചാലക്കുടി എം.എല്‍.എ സനീഷ് ജോസഫിനെയും സ്പീക്കര്‍ ഉപദേശിച്ചു. പതിനാറാം നിയമസഭയിലേക്ക് വരേണ്ടതല്ലേ, ബാനര്‍ ഉയര്‍ത്തിയുള്ള സമരം ജനങ്ങള്‍ കാണുന്നുണ്ട്, വളരെ കുറഞ്ഞ ഭൂരിപക്ഷത്തില്‍ ജയിച്ചവരാണ് നിങ്ങളെന്നും സ്പീക്കർ പറഞ്ഞു. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി സ്പീക്കറെ മറയ്ക്കുന്ന തരത്തില്‍ പ്രതിഷേധിച്ചതോടെയാണ് അദ്ദേഹം പ്രതികരിച്ചത്.

അതേസമയം ബാനര്‍ പിടിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടി വരുമെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. കൊച്ചി കോര്‍പറേഷനിലെ പൊലീസ് നടപടിയിലായിരുന്നു അടിയന്തര പ്രമേയ നോട്ടിസ്. സബ്മിഷനായി അവതരിപ്പിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ ബാനറും പ്ലകാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങുകയായിരുന്നു.