രോ​ഗത്തെ ചിരിച്ചുകൊണ്ട് നേരിട്ട ഒരാൾ വീട്ടിലുണ്ട്, ആശുപത്രിയിലായിരുന്നപ്പോഴും അച്ഛന്റെ മനസ്സിൽ സിനിമയായിരുന്നു- വിനീത് ശ്രീനിവാസൻ

മലയാള സിനിമയിൽ നടൻ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം നിറഞ്ഞ് നിൽക്കുന്ന താരമാണ് ശ്രീനിവസൻ . കുറിയ്ക്ക് കൊള്ളുന്ന നർമ്മത്തിലൂടെ മലയാളിയെ ചിരിപ്പിയ്ക്കുകയും ചിന്തിപ്പിയ്ക്കുകയും ചെയ്ത അഭിനയ ജീവിതമാണ് ശ്രീനിവാസന്റേത്. മണിമുഴക്കം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീനിവാസൻ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് എത്രയോ മികച്ച ചിത്രങ്ങൾ, നല്ല കൂട്ടുകെട്ടുകൾ ഇവയുടെയൊക്കെ ഭാഗമായി സിനിമയ്‌ക്കൊപ്പം നടന്നു. നിലവാരമുള്ള തമാശകൾ ശ്രീനിവാസൻ ചിത്രങ്ങളുടെ പ്രത്യേകത തന്നെയാണ്. ശ്രീനിവാസന്റെ ‘ചിരികൾ’ തീയേറ്ററിൽ ഉപേക്ഷിച്ച് പോകാൻ പ്രേക്ഷകർക്ക് കഴിയുമായിരുന്നില്ല. അസുഖബാധിതനായി വിശ്രമത്തിലാണെങ്കിലും പുതിയ സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുന്ന തിരക്കിലാണ് ശ്രീനിവാസൻ.

മകൻ വിനീത് ശ്രീനിവാസനൊപ്പം കുറുക്കൻ എന്ന സിനിമയിലാണ് ശ്രീനിവാസൻ അഭിനയിച്ചത്. ഇപ്പോഴിതാ, രോഗാവസ്ഥയെ അച്ഛൻ ശ്രീനിവാസൻ നേരിട്ടതിനെക്കുറിച്ചുള്ള വിനീതിന്റെ വാക്കുകൾ വൈറലായി മാറുകയാണ്. ഒരു രോഗാവസ്ഥയെ ധൈര്യത്തോടെ, ചിരിച്ച മുഖത്തോടെ നേരിട്ട ഒരാളെ ഞാൻ എന്റെ വീട്ടിൽ കാണുന്നുണ്ട്. ആദ്യം ഐസിയുവിലായിരുന്നു അച്ഛൻ ബോധം വന്ന സമയം മുതൽ എന്നോട് സംസാരിച്ചിരുന്നത് ചെയ്യാൻ പോവുന്ന സിനിമകളെ കുറിച്ചായിരുന്നു. മുന്നോട്ട് പോവാൻ ഭയങ്കരമായ ആഗ്രഹം അച്ഛൻ കാണിച്ചത് ജോലിയുമായി ബന്ധപ്പെടുത്തിയാണ്.

ലാസ്റ്റ് ബൈപ്പാസ് കഴിഞ്ഞ സമയത്ത് കുറുക്കൻ എന്ന സിനിമ ഞങ്ങൾ ഒന്നിച്ച് ചെയ്തു. ആ സമയത്ത് രാവിലെ ഞാൻ എഴുന്നേറ്റ് കഴിഞ്ഞാൽ താഴെ നിന്ന് അച്ഛൻ ഡയലോഗ് പഠിക്കുന്നത് കേൾക്കാമായിരുന്നു. ഈ ഒരു സമയത്ത് ഡയലോഗ് ഓർത്തിരിക്കാൻ പറ്റുമോ എന്ന തരത്തിലുള്ള ആശങ്ക ഉണ്ടായിരുന്നു അച്ഛന്.

സെറ്റിൽ വരുമ്പോൾ അങ്ങനെയുള്ള കൺഫ്യൂഷൻ വരാതിരിക്കാൻ വേണ്ടി ഇരുന്ന് പഠിക്കുകയാണ്. സെറ്റിൽ വരുമ്പോൾ ഒറ്റ ടേക്കിൽ അത് ഓക്കെ ആക്കുകയും ചെയ്യും. ആൾക്കാർ ക്ലാപ്പ് ചെയ്യുന്നതൊക്കെ കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ്. അച്ഛൻ എനിക്ക് ഇൻസ്പിരേഷനാണ്. അച്ഛന്റെ അടുത്ത സുഹൃത്തായ ഇന്നസെന്റ് അങ്കിൾ ക്യാൻസർ സർവൈവറാണ്. സ്ഥിരമായി അദ്ദേഹം ആരോഗ്യവുമായി മല്ലിട്ട് കൊണ്ടിരിക്കുന്നയാളാണ്. എല്ലാത്തിനെയും തമാശയോടെയാണ് അദ്ദേഹം കാണുന്നത്. അങ്ങനെയുള്ള ആളുകളെ നമ്മൾ ചുറ്റും കാണുമ്പോൾ ഇതിനെ ഇങ്ങനെയും സമീപിക്കാം. വിഷമത്തോടെയോ ഭയത്തോടെയോ ഇതിനെ കാണേണ്ടതില്ലെന്ന് നമുക്ക് തോന്നാം. നമുക്ക് മാതൃക കാണിച്ച് കൊടുക്കാൻ ഇങ്ങനെയുള്ളവർ നമുക്ക് ചുറ്റിലുമുണ്ട്.

നേരത്തെ ആശുപത്രിയിലായിരുന്ന സമയത്ത് ജീവിതത്തിലേക്ക് തിരിച്ച് വരുമെന്നും ഇനിയും സിനിമകൾ ചെയ്യുമെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു. ഐസിയുവിലായിരുന്ന സമയത്തും കഥകൾ കേട്ടിരുന്നുവെന്നും വരാനിരിക്കുന്ന സിനിമയെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നുമായിരുന്നു അദ്ദേഹം സുഹൃത്തുക്കളോടെല്ലാം പറഞ്ഞിരുന്നത്. സിനിമാലോകവും പ്രേക്ഷകരും ഏറെ ആഗ്രഹിച്ച തിരിച്ചുവരവായിരുന്നു ശ്രീനിവാസന്റേത്. കുറുക്കൻ എന്ന സിനിമയ്ക്കുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. കീടം, പ്യാലി എന്നീ ചിത്രങ്ങളിലാണ് ശ്രീനിവാസൻ അവസാനമായി അഭിനയിച്ചത്. ശ്രീനിവാസന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ഒരു ചിത്രവും പ്രേക്ഷകരുടെ ആഗ്രഹമാണ്. അതിനുമുള്ള കാത്തിരിപ്പിലാണ്. ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ ആയിരുന്നു ശ്രീനിവാസന്റെ തിരക്കഥയിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.