മെറിന്‍ പോയതറിയാതെ നോറ, അമ്മയുടെ വീഡിയോ കോളിനായി കാത്തിരിക്കുന്ന മകള്‍ നൊമ്പരക്കാഴ്ച

കോട്ടയം: അമേരിക്കയില്‍ മെറിന്‍ മരിച്ചത് ഒന്നും അറിയാതെ നാട്ടില്‍ കളിയും ചിരിയുമായി നടക്കുകയാണ് രണ്ട് വയസുകാരി മകള്‍ നോറ. അമ്മ എന്നും വിളിക്കാറുള്ള ഫോണിലേക്ക് കണ്ണുംനട്ട് ഇരിപ്പാണ് അവള്‍. മെറിന്റെ വീഡിയോകോളും കാത്തുള്ള നോറയുടെ ഇരുപ്പ് കണ്ടു നില്‍ക്കുന്നവര്‍ക്ക് സഹിക്കാനാവുന്നില്ല. ഫോണ്‍ കയ്യിലെടുത്ത് അമ്മയുടെ കോളിനായി കാത്തിരിക്കുകയാണ് അവള്‍. ദിവസവും മൂന്നു, നാല് തവണ മെറിന്‍ വീട്ടിലേക്ക് വിളിക്കുകയും സംസാരിക്കുകയും കുഞ്ഞ് നോറയുടെ കളിചിരികളും കുസൃതികളും കാണുകയും ചെയ്തിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് മെറിന്‍-നെവിന്‍ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.

കഴിഞ്ഞ ഡിസംബറില്‍ നാട്ടില്‍ എത്തിയപ്പോള്‍ കുഞ്ഞിനെ വീട്ടുകാരെ ഏല്‍പ്പിച്ച ശേഷം മെറിന്‍ മടങ്ങുകയായിരുന്നു. പുതിയ ആശുപത്രിയിലേക്ക് മാറിയ ശേഷം കുഞ്ഞിനെ കൂടി അമേരിക്കയിലേക്ക് കൊണ്ടുപോകാന്‍ ആയിരുന്നു മെറിന്‍ നിശ്ചയിച്ചിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. മെറിന്റെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. വിവാഹ മോചനം നേടാന്‍ പറഞ്ഞപ്പോള്‍ അവള്‍ തയ്യാറായില്ല. കുഞ്ഞിന് പിതാവ് വേണമെന്ന് പറഞ്ഞ് പല പ്രാവശ്യം മെറിന്‍ പലതും സഹിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഓഗസ്റ്റ് 15ന് താംപയിലെ സെന്റ് ജോസഫ് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഇരിക്കുകയായിരുന്നു മെറിന്‍. ചൊവ്വാഴ്ച ജോലി ചെയ്തിരുന്ന ആശുപത്രിയിലെ അവസാന ഷിഫ്റ്റ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് നെവിന്‍ മെറിനെ കൊലപ്പെടുത്തിയത്. പാര്‍ക്കിങ് ഏരിയയില്‍ പതിയിരുന്ന നെവിന്‍ മെറിനെ കുത്തി വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് മെറിന്റെ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കി. 17 തവണ മെറിന് കുത്തേറ്റു. ആശുപത്രിയിലേക്കു ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടെ ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനോട്, തന്നെ ആക്രമിച്ചത് നെവിനാണെന്നു മെറിന്‍ പറഞ്ഞിരുന്നു. ഇത് ഉദ്യോഗസ്ഥന്റെ ബോഡി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍, കൈമുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച നിലയില്‍ നെവിനെ ഹോട്ടല്‍ മുറിയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.

 

അതേസമയം മെറിന്റെ മൃതദേഹം നാട്ടിലുള്ള ബന്ധുക്കള്‍ക്ക് അവസാനമായി കാണാനായി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബാംഗങ്ങള്‍. വ്യാഴാഴ്ച രാത്രി പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ഭൗതിക ശരീരം മോര്‍ച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്കു രണ്ടു മുതല്‍ വൈകിട്ട് ആറ് വരെ ഡെയ്‌വിയിലെ ജോസഫ് എ സ്‌ക്രാനോ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്നു ന്യൂയോര്‍ക്കില്‍ എത്തിച്ച് അവിടെനിന്ന് ഇന്ത്യയിലേക്കു കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. മെറിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്.