ശബരിമല ഉണ്ണിയപ്പം കഴിക്കാനായി പല പ്രാവശ്യം ഷോട്ട് തെറ്റിച്ചു, തുറന്ന് പറഞ്ഞ് ഷീല

മലയാള സിനിമയിലെ നിത്യ യൗവ്വനമായിരുന്നു നടി ഷീല. ഒരു കാലത്ത് യുവാക്കളുടെ സിരകളെ ത്രസിപ്പിച്ച നായിക. മലയാള സിനിമയിലെ കരുത്തുറ്റ സ്ത്രീകളില്‍ ഒരാളായിരുന്നു ഷീല. നസീര്‍, സത്യന്‍, ജയന്‍ തുടങ്ങി സൂപ്പര്‍ നായകന്മാരുടെ നായികയായി ഷീല തിളങ്ങി. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികെ എത്തിയപ്പോഴും ഇരു കൈകളും നീട്ടി മലയാളി പ്രേക്ഷകര്‍ ഷീലയെ സ്വീകരിച്ചു. ഇപ്പോഴും മലയാളികളുടെ പ്രിയ നായികമാരില്‍ മുന്‍ പന്തിയില്‍ തന്നെയാണ് ഷീലയുടെ സ്ഥാനം.

ഇപ്പോള്‍ തന്റെ കരിയറിലെ ചില സംഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഷീല. തന്റെ സിനിമയുടെ ആദ്യ ഘട്ടത്തിലെ അവസാന നിമിഷവും, രണ്ടാം വരവിലെ ആദ്യ നിമിഷവും ശബരിമല ഉണ്ണിയപ്പവുമായി ബന്ധപ്പെട്ട ഒരു അനുഭവമാണ് ഷീല പറയുന്നത്. ശബരിമല ഉണ്ണിയപ്പം കഴിക്കാന്‍ വേണ്ടി താന്‍ ഷോട്ട് തെറ്റിച്ച് പലപ്രാവശ്യം അത് ആവശ്യപ്പെട്ടുവെന്ന് ഷീല പറയുന്നു.

ഷീലയുടെ വാക്കുകള്‍ ഇങ്ങനെ;

പതിനെട്ട് കൊല്ലം ഞാന്‍ അഭിനയിക്കാതെ ഇരുന്നു. അപ്പോള്‍ ഈ പതിനെട്ട് കൊല്ലത്തെ ഗ്യാപ് ഉണ്ടല്ലോ അത് എഡിറ്റ് ചെയ്തു ഒന്നിച്ച് ആക്കി. അങ്ങനെ ഒരു തോന്നല്‍ ഇല്ലാതിരിക്കാന്‍. ഞാന്‍ സെറ്റില്‍ പോകും അഭിനയിക്കുന്നു എന്ന രീതി ആക്കി. ഞാന്‍ എന്റെ കരിയറിന്റെ ആദ്യ ഘട്ടത്തിലെ അവസാന സമയത്ത് ഒരു സിനിമ ചെയ്തു. അതിന്റെ അവസാനം ഞാന്‍ ഉണ്ണിയപ്പം കഴിക്കുന്ന ഒരു സീനാണ്. ഉണ്ണിയപ്പം എനിക്ക് വലിയ ഇഷ്ടമാണ്. ശബരി മലയില്‍ നിന്ന് കൊണ്ട് വന്ന ഉണ്ണിയപ്പമായിരുന്നു. ആദ്യം ഒരെണ്ണം കഴിച്ചു പിന്നെ ഷോട്ട് തെറ്റിച്ച് തെറ്റിച്ച് രണ്ട് മൂന്ന് എണ്ണം കൂടി കഴിച്ചു അതാണ് ആ ലാസ്റ്റ് ഷോട്ട് ആ പടത്തിലെ.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന സിനിമയിലെ അതിലെ ആദ്യത്തെ ഷോട്ട് കെപിഎസി ലളിത എനിക്ക് ഉണ്ണിയപ്പം തരുന്നതായിട്ടാണ്. അതും ശബരിമല ഉണ്ണിയപ്പം ആയിരുന്നു എന്നത് എനിക്ക് ശരിക്കും വിസ്മയമായിരുന്നു.