ഇപ്പോള്‍ ആരും വിളിക്കാറില്ല, ജീവിക്കാനും മാര്‍ഗമില്ല മനസ്സ് തുറന്ന് മേരിയും ബേബിയും

ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയില്‍ ഒറ്റ സീനില്‍ മാത്രമേ മേരി, ബേബി എന്നീ നടിമാരെ കാണുന്നുള്ളൂ. എന്നാല്‍ ഈ സീന്‍ ഉണ്ടാക്കിയ തരംഗം ചെറുതായിരുന്നില്ല. നടിമാര്‍ക്ക് ലഭിച്ച പ്രേഷകശ്രദ്ധയും അത്രചെറുതല്ല. താരങ്ങളായി മാറിയെങ്കിലും പിന്നീട് രണ്ട് പേര്‍ക്കും നേരിടേണ്ടി വന്നത് അപ്രതീക്ഷിത പ്രശ്നങ്ങളായിരുന്നു.

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായിരുന്നവരില്‍ വരുമാനമാര്‍ഗത്തിനായി മേരി ലോട്ടറി വില്‍പ്പനയിലേക്ക് കടന്നത് ഇതിനിടെ വാര്‍ത്തയായിരുന്നു. സിനിമകള്‍ ലഭിക്കാത്തതും ആരും വിളിക്കാത്തതുമാണ് മേരിയെ ലോട്ടറി വില്‍പ്പനയിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിക്കുന്നത്. ‘ഒരുപാട് കടങ്ങള്‍ ഉണ്ട്. ആദ്യമായി ലോട്ടറി വില്‍പ്പനയ്ക്ക് പോകുമ്പോള്‍ സങ്കടം ഉണ്ടായിരുന്നെന്ന് മേരി പറയുന്നു.

‘ടിക്കറ്റുമായി വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു. ആരും ചോദിക്കരുതേ എന്ന് വിചാരിച്ചാണ് നടന്നത്. ഞാന്‍ ഇറങ്ങുമ്പോള്‍ എന്റെ മരുമകള്‍ നിലവിളിക്കുന്നു. എനിക്ക് സങ്കടം വരുന്നു അമ്മച്ചീ എന്ന് പറഞ്ഞു. അകത്ത് മകനും കരയുകയാണ്. പോകാതിരിക്കാന്‍ എനിക്ക് പറ്റില്ലായിരുന്നു.’ മേരി പറഞ്ഞിരിക്കുന്നു.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ട് അഭിനയിച്ചപ്പോള്‍ ആദ്യ കാലങ്ങളില്‍ 200 രൂപയാണ് ശമ്പളം ലഭിച്ചതെന്ന് ബേബി. ഏഴ് വര്‍ഷം ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു. അവസാനമായി വര്‍ക്ക് ചെയ്തപ്പോള്‍ കിട്ടിയത് 500 രൂപയാണ്. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിക്കാന്‍ ആരും വിളിക്കാറില്ലെന്നും ആ സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് എല്ലാ ദിവസവും സിനിമ ഉണ്ടായിരുന്നുവെന്നും ബേബി പറഞ്ഞു. ശരിക്കും ആ റോള്‍ ചെയ്തത് ഒരു ദോഷമായിട്ടാണ് മാറിയത്. അതില്‍ നല്ല വേഷം ചെയ്തത് കൊണ്ട് ഇപ്പോള്‍ ആരും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വിളിക്കാറില്ല ബേബി പറയുന്നു.