കുടുംബ ജീവിതത്തോട് പെൺകുട്ടികൾക്ക് താല്പര്യം കുറയുന്നു, കുട്ടികളും വേണ്ട, വെട്ടിലായി പുരുഷന്മാർ

വിവാഹം കഴിക്കാനായി പെണ്‍കുട്ടികളെ കിട്ടാതെ വിഷമിക്കുകയാണ് കേരളത്തിലെ പുരുഷന്മാര്‍. ബഹുഭൂരിപക്ഷം പേർക്കും അറിയാവുന്ന വസ്തുതയാണിത്. കേരളത്തിലെ വിദ്യാസമ്പന്നരായ പെണ്‍കുട്ടികൾക്കാവട്ടെ വിവാഹം കഴിക്കാനും മടി. കുടുംബ ജീവിതത്തോടുള്ള താല്‍പര്യക്കുറവാണ് കാരണം എന്നാണ് തിരുവനന്തപുരം പട്ടം എസ് ടി യു ആശുപത്രിയിലെ മനോരോഗ വിദഗ്ധനായ ഡോ എ ടി ജിതിന്‍ പറഞ്ഞിരിക്കുന്നത്.

യുവാക്കള്‍ക്ക് വിവാഹം കഴിക്കാന്‍ പെണ്ണുകിട്ടാത്തതിതിനെ അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനത്തിലാണ് ഈ കാര്യം വ്യക്തമാഴിയൂരിക്കുന്നത്. കേരളത്തിലെ വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ വിവാഹം കഴിക്കാന്‍ മടിക്കുന്നതായും കുടുംബ ജീവിതത്തോട് താല്‍പര്യക്കുറവ്, കാണിക്കുന്നതുമായും സര്‍വേ ഫലം തെളിയിക്കുന്നു. അതേസമയം വിവാഹവും കുടുംബജീവിതവും വലിയ ദുരന്തമാണെന്ന പ്രചാരണവും പെണ്‍കുട്ടികളെ അലട്ടുന്നുണ്ട്.

കുടുംബ പ്രശ്നങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളും ഉള്‍പ്പെടുന്ന വാര്‍ത്തകളും സിനിമകളും സമൂഹമാധ്യമങ്ങളും ഇവരെ സ്വാധീനിക്കുന്നുണ്ട് എന്നതാണ് വാസ്തവം. പഠനം നടത്തിയത് കേരളത്തിലെ പ്രമുഖ മാട്രിമോണിയല്‍ വെബ്സൈറ്റുകള്‍, വര്‍ഷങ്ങളായി മാട്രിമോണിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ്.

വിവാഹം നീട്ടിവയ്ക്കുന്നതും വേണ്ടെന്നുവയ്ക്കുന്നതും കേരളത്തിന്റെ വളര്‍ച്ച മുരടിപ്പിക്കും. സാമ്പത്തിക സാമൂഹിക മേഖലകളില്‍ ഇതിന്റെ പ്രതിഫലനം അടുത്തു തന്നെ ദൃശ്യമാകുകയും ചെയ്യും. നല്ല ബന്ധം ലഭിക്കാനുള്ള കാത്തിരിപ്പും വിവാഹത്തെ വൈകിപ്പിക്കുന്നു. ഭൂരിഭാഗം പെണ്‍കുട്ടികളും ചെറുപ്രായത്തില്‍ വിവാഹത്തിന് സന്നദ്ധരല്ല. സാമ്പത്തിക സുരക്ഷിതത്വം നേടുന്നതിനും ഒറ്റയ്ക്കുള്ള ജീവിതത്തിന്റെ സ്വാതന്ത്ര്യം കണക്കിലെടുത്തുമാണിത്. അതുപോലെ വൈകിയുള്ള വിവാഹം ഗര്‍ഭം ധരിക്കാനുള്ള സാധ്യത കുറയ്ക്കും. ഇതുവഴി കുട്ടികളുടെ എണ്ണം കുറയുന്നതിന് കാരണമാകുന്നു. ഇത് കുടുംബ ഘടനയിലും സാമൂഹിക ഘടനയിലും വലിയ മാറ്റമുണ്ടാക്കുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ഡോ. എ ടി ജിതിന്‍ പറഞ്ഞിരിക്കുന്നു.