എന്‍.എസ്.എസിനോട് സര്‍ക്കാരിന് വിവേചനം, തിരുത്തിയില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും; മന്നം ജയന്തി പൊതു അവധിയാക്കാത്തതില്‍ സര്‍ക്കാരിനെതിരെ ജി. സുകുമാരന്‍ നായര്‍

തിരുവനന്തപുരം: മന്നം ജയന്തി ദിവസം പൊതു അവധിയായി പ്രഖ്യാപിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം മന്നം ജയന്തി പൊതു അവധിയായി പ്രഖ്യാപിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചായിരുന്നു സുകുമാരന്‍ നായരുടെ വിമര്‍ശനം.

145-ാം മന്നം ജയന്തി ദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിക്കവെയായിരുന്നു സുകുമാരന്‍ നായര്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞത്.സംസ്ഥാന സര്‍ക്കാരിന് എന്‍.എസ്.എസിനോട് വിവേചനമാണെന്നും ഈ സമീപനം തിരുത്തിയില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം സര്‍ക്കാര്‍ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

”മന്നം ജയന്തി ദിനം നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ടിന്റെ പരിധിയില്‍ കൂടി കൊണ്ടുവന്ന് പൊതു അവധി പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാരിനോട് ഉന്നയിച്ചത്. എന്നാല്‍ പൊതു അവധി പ്രഖ്യാപിക്കാതെ സംസ്ഥാന സര്‍ക്കാര്‍ എന്‍.എസ്.എസിനോട് വിവേചനം കാണിക്കുകയാണ്,” സുകുമാരന്‍ നായര്‍ പറഞ്ഞു.

പൊതു അവധി പ്രഖ്യാപിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ മുടന്തന്‍ ന്യായം പറയുകയാണെന്നും ഇതില്‍ എന്‍.എസ്.എസിന് കടുത്ത പ്രതിഷേധമുണ്ടെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാണിച്ചു. നിലവില്‍ മന്നം ജയന്തി ദിനത്തില്‍ നിയന്ത്രിത അവധിയാണുള്ളത്. ജനുവരി രണ്ടിനാണ് മന്നം ജയന്തി ആചരിക്കുന്നത്.”എന്‍.എസ്.എസ് മതേതര സംഘടനയാണ്, എല്ലാ രാഷ്ട്രീയപാര്‍ട്ടികളേയും ഒരുപോലെ കാണുന്ന സംഘടനയാണ്. എല്ലാ സര്‍ക്കാരുകളുടെയും തെറ്റുകളെ എന്‍.എസ്.എസ് വിമര്‍ശിച്ചിട്ടുണ്ട്. നല്ലതിനെ പ്രശംസിച്ചിട്ടുമുണ്ട്.

എന്‍.എസ്.എസിനെ അവഗണിക്കുന്നവര്‍ ചിലയിടങ്ങളില്‍ മന്നത്ത് പത്മനാഭനെ നവോത്ഥാന നായകനായി ഉയര്‍ത്തിക്കാട്ടുന്നു. ഇത് ഇരട്ടത്താപ്പാണെന്ന് ജനം തിരിച്ചറിയും,” സുകുമാരന്‍ നായര്‍ പറഞ്ഞു. സര്‍ക്കാരിനും ചില പാര്‍ട്ടികള്‍ക്കും എന്‍.എസ്.എസിനോട് ചില കാര്യങ്ങളില്‍ തെറ്റായ സമീപനമുണ്ടെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു.