നാമജപയാത്ര, കേസിന്റെ തുടർ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

മിത്ത് വിവാദത്തെത്തുടര്‍ന്നുണ്ടായ നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത് കേസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. നാല് ആഴ്ചത്തേക്കാണ് സ്‌റ്റേ. എന്‍.എസ്.എസ്. വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

വിശ്വാസസംരക്ഷണ ദിനത്തിന്റെ ഭാഗമായി ഗണപതി മിത്താണെന്ന സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എന്‍.എസ്.എസ്. തിരുവനന്തപുരത്ത് നാമജപ ഘോഷയാത്ര നടത്തിയിരുന്നു. മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചെന്നും ഗതാഗതം തടസ്സപ്പെടുത്തിയെന്നും ആരോപിച്ച് ഇതിനെതിരേ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു.

ഹര്‍ജി നല്‍കിയ എന്‍.എസ്.എസ്. വൈസ്പ്രസിഡന്റ് സംഗീത് കുമാറിനെ ഒന്നാംപ്രതിയാക്കിയും മറ്റു കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. സംഗീത് കുമാറാണ് യാത്രയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്. ഇതോടെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംഗീത് കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

നാലാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും. തുടര്‍ന്നായിരിക്കും കേസ് റദ്ദാക്കണമെന്ന എന്‍.എസ്.എസിന്റെ ആവശ്യത്തിന്മേല്‍ നടപടി കൈക്കൊള്ളുക.