മെട്രോയിൽ യാത്രക്കാരിക്ക് നേരേ നഗ്നതാപ്രദര്‍ശനം, ജീവനക്കാരനെതിരെ പരാതി

ബെംഗളൂരു : യാത്രക്കാരിക്ക് നേരെ മെട്രോ ജീവനക്കാരന്‍ നഗ്നതാപ്രദര്‍ശനം നടത്തിയതായി പരാതി ബെംഗളൂരു മെട്രോയിലെ സുരക്ഷാ ജീവനക്കാരനില്‍ നിന്നാണ് യാത്രക്കാരിക്ക് ദുരനുഭവം നേരിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം യുവതി പരാതി നൽകുകയായിരുന്നു. ബെംഗളൂരു പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.

ബെംഗളൂരുവിലെ ജലഹള്ളി മെട്രോ സ്‌റ്റേഷനില്‍വെച്ചാണ് യാത്രക്കാരിക്ക് ദുരനുഭവമുണ്ടായത്. സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോമിന്റെ എതിര്‍വശത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന്‍ യുവതിയെ തുടര്‍ച്ചയായി തുറിച്ചുനോക്കുകയും പിന്നാലെ നഗ്നതാപ്രദര്‍ശനം നടത്തുകയുമായിരുന്നു. ജീവനക്കാരനെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ട് വീഡിയോദൃശ്യങ്ങള്‍ മെട്രോ അധികൃതര്‍ക്ക് അയച്ചുനല്‍കിയതായി യുവതി തന്നെ വെളിപ്പെടുത്തി.

എന്നിട്ടും മെട്രോ അധികൃതര്‍ തന്റെ പരാതിയില്‍ പ്രതികരിച്ചില്ലെന്നും യുവതി ആരോപിച്ചു. അതേസമയം, യുവതിയുടെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ ബെംഗളൂരു പോലീസ് ഇവരെ ബന്ധപ്പെടുകയും സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.