ഗ്രൂപ് കാപ്റ്റന്‍ വരുണ്‍ സിങ്ങ്; സഹയാത്രികരെല്ലാം മരണത്തിന് കീഴടങ്ങിയപ്പോള്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്ഷപ്പെട്ട ഏക വ്യക്തി

സംയുക്ത സേനാ മേധാവി ബിപിന്‍ റാവതും ഭാര്യയും അടക്കം 13 പേര്‍ മരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ രാജ്യം മുഴുവനും ഞെട്ടിയപ്പോള്‍ ജീവനോടെ രക്ഷപ്പെട്ടത് ഗ്രൂപ് കാപ്റ്റന്‍ വരുണ്‍ സിങ്ങ് മാത്രം.

അപകടത്തില്‍ പരിക്കേറ്റ ഇദ്ദേഹം ഇപ്പോള്‍ വെലിങ് ടനിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. ഡിഫന്‍സ് സെര്‍വീസ് സ്റ്റാഫ് കോളജിലെ ഡയറക്ടിങ് സ്റ്റാഫാണ് അദ്ദേഹം.

ബിപിന്‍ റാവത്, ഭാര്യ മധുലിക റാവത് എന്നിവരടക്കം 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇതില്‍ വരുണ്‍ സിങ്ങൊഴികെ 13 പേരും മരിച്ചതായി വ്യോമസേന ഔദ്യോഗികമായി അറിയിച്ചു.

2020-ല്‍ ഉണ്ടായ ഒരു അടിയന്തര സാഹചര്യത്തില്‍, തേജസ് യുദ്ധവിമാനം സുരക്ഷിതമാക്കിയതിന് ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനത്തില്‍ രാജ്യം ശൗര്യചക്ര നല്‍കി ആദരിച്ചയാളാണ് വരുണ്‍ സിങ്. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി കോയമ്ബത്തൂരില്‍ നിന്ന് ഡോക്ടര്‍മാരുടെ സംഘം വെലിങ് ടന്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

കോയമ്ബത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍ നിന്ന് ഊടിക്കു സമീപം വെലിങ് ടന്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലെ കാടേരിയിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് 12.20 ഓടെ രാജ്യത്തെ ഞെട്ടിച്ച ദുരന്തം നടന്നത്.