ഗതാഗത വകുപ്പില്‍ ഗണേഷ് കുമാറിന്റെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് കൂട്ടസ്ഥലംമാറ്റം, പിന്നാലെ ഉത്തരവ് മരവിപ്പിച്ചു

തിരുവനന്തപുരം. ഗണേഷ് കുമാര്‍ മോട്ടോര്‍ വാഹന വകുപ്പില്‍ സ്ഥാനം ഏല്‍ക്കും മുമ്പെ കൂട്ട സ്ഥലമാറ്റം. വകുപ്പില്‍ 57 പേര്‍ക്കാണ് സ്ഥലമാറ്റം. ഇതിനോപ്പം 18 ആര്‍ടിഒമാര്‍ക്കും സ്ഥാനക്കയറ്റത്തോടെയുള്ള സ്ഥലംമാറ്റം ലഭിച്ചു. ആന്റണി രാജു രാജിവെച്ച് ഗണേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പാണ് ഓര്‍ഡര്‍ ഇറങ്ങിയത്.

എന്നാല്‍ ഗണേഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. ഗണേഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് അരമണിക്കൂര്‍ മുമ്പാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്.

സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രി ഇടപെട്ട് താല്‍കാലം നടപ്പാക്കേണ്ടന്ന് നിര്‍ദേശം നല്‍കുകയായിരുന്നു. മുമ്പ് ആന്റണി രാജു മന്ത്രിയായിരുന്നപ്പോള്‍ വകുപ്പില്‍ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു.