ഓക്സ്ഫർഡ് വാക്സിൻ കുത്തിവച്ചയാൾക്ക് അജ്ഞാത രോഗം: വാക്സീന്‍ പരീക്ഷണം നിര്‍ത്തിവച്ചു

ലണ്ടൻ: ലോകത്തിന്റെ പ്രതീക്ഷകൾക്ക് വീണ്ടും മങ്ങലേൽപ്പിച്ച് കൊവിഡ് വാക്‌സിന്റെ പരീക്ഷണം ഓക്സ്ഫഡ് സർവകലാശാല നിർത്തിവെച്ചു. പരീക്ഷിച്ചവരില്‍ ഒരാളില്‍ പ്രതികൂല ഫലം കണ്ടതിനെ തുടര്‍ന്നാണ് ഓക്സ്ഫഡ് വാക്സീന്‍ പരീക്ഷണം താത്ക്കാലികമായി നിര്‍ത്തിവച്ചത്.  അതിനാൽ തന്നെ കോവിഡ് വാക്സീൻ എത്താൻ ഇനിയും വൈകിയേക്കും. പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടും പരീക്ഷണം നടത്തിയിരുന്നു. ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ്19 പ്രതിരോധ വാക്‌സീന്‍ അവസാന ഘട്ട പരീക്ഷണത്തിലായിരുന്നു.

വാക്സിൻ കുത്തിവെച്ച വൊളൻ്റിയർമാരിൽ ഒരാൾക്ക് അജ്ഞാത രോഗം ബാധിച്ചതിനാലാണ് പരീക്ഷണം നിർത്തുന്നതെന്ന് കമ്പനി അറിയിച്ചു. രോഗം വാക്സിന്റെ പാർശ്വഫലമെന്ന് സംശയം ഉയർന്നിട്ടുണ്ട്. ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ അസ്ട്ര സെനേക്കയുമായി ചേർന്ന് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നിർത്തിയത്.

ജലദോഷ പനിയുണ്ടാക്കുന്ന അഡെനോവൈറസിന് ജനിതക പരിവര്‍ത്തനം വരുത്തിയാണ് ഓക്‌സ്ഫഡ് വാക്‌സീന്‍ വികസിപ്പിച്ചത്. മൃഗങ്ങളിലെ പരീക്ഷണം വിജയകരമായതിനു പിന്നാലെയാണ് മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചത്. ആദ്യ 2 ഘട്ടങ്ങൾ വിജയകരമായെന്നു വ്യക്തമാക്കി ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. 1077 പേർക്കാണ് രണ്ടാം ഘട്ടത്തിൽ സാധ്യതാ വാക്സിൻ നൽകിയത്. ഇവരിൽ 90% പേരിലും വൈറസിനെതിരെ ആന്റിബോഡികളും ടി കോശങ്ങളും രൂപപ്പെട്ടിരുന്നു. ഗുരുതര പാർശ്വഫലങ്ങളുമില്ലായിരുന്നു. തുടർന്നാണ് അവസാന ഘട്ട പരീക്ഷണം നടത്തിയത്. പാർശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരും.

ഇന്ത്യയിലെ പുനെ സിറം ഇൻസ്റ്റിറ്റിയൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങൾ പരീക്ഷണത്തോട് സഹകരിച്ചിരുന്നു. വാക്‌സിൻ വിജയമായാൽ വാങ്ങാൻ ഇന്ത്യയും കരാർ ഉണ്ടാക്കിയിരുന്നു. പരീക്ഷണം നിലച്ചതിൽ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്രസെനേക അറിയിച്ചു. പരീക്ഷണത്തിൽ പങ്കെടുക്കുന്ന സന്നദ്ധപ്രവർത്തകരുടെ സുരക്ഷ പ്രധാനമാണെന്നും കമ്പനി വിശദീകരിച്ചു. വാർത്ത പുറത്തു വന്നതോടെ അസ്ട്രസെനേകയുടെ ഓഹരികളിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്.