റംസിയുടെ ആത്മഹത്യ, കൂടുതൽ പേർ കുരുക്കിലേക്ക്,സഹോദരനെയും നടിയെയും ചോദ്യം ചെയ്തു,ഫോൺ പൊലീസ് കസ്റ്റഡിയിൽ

കൊല്ലം: കൊട്ടിയത്ത് പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നു പിന്‍മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് നീളുന്നു. ഹാരിസിന്റെ ബന്ധുവായ സീരിയൽ നടിയെയും സഹോദരനെയും കൊട്ടിയം പോലിസ് ചോദ്യം ചെയ്തു.ലക്ഷ്മി പ്രമോദിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണിലെ കോൾ ലിസ്റ്റും സന്ദേശങ്ങളും പരിശോധിക്കും.മാതാപിതാക്കളില്‍ നിന്നും മൊഴിയെടുക്കുമെന്നും കൊട്ടിയം പൊലീസ് പറഞ്ഞു. അടുത്ത ദിവസം കൊട്ടിയം പൊലീസ് ഹാരിസിനെ കസ്റ്റഡിയില്‍ വാങ്ങും.

അതിനൊപ്പം റംസിയുടെ മരണത്തില്‍ കുടുംബം ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.റംസി ആത്മഹത്യ ചെയ്യുന്നതിനു തൊട്ടു മുമ്പായി ഹാരിസിന്റെ അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു. യുവാവ് വിവാഹത്തില്‍ നിന്നു പിന്‍മാറിയതിന് കാരണം കുടുംബത്തിന്റെ പ്രേരണമൂലമാണെന്നും ഇതിനാൽ ഇവർക്കെതിരെ കേസെടുക്കണമെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് റംസി തൂങ്ങിമരിച്ചത്.

റംസിയുമായി വര്‍ഷങ്ങളോളം പ്രണയത്തിലായിരുന്നു ഹാരിസ്. ഇരുവരും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നതാണ്. മകളുടെ മരണത്തിനു കാരണം വിവാഹത്തില്‍ നിന്നു യുവാവ് പിന്‍മാറിയതാണെന്നു ചൂണ്ടിക്കാട്ടി റംസിയുടെ രക്ഷിതാക്കള്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു.വളയിടല്‍ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിസ് വിവാഹത്തില്‍ നിന്ന് പിന്‍മാറിയത് റംസിയയെ വല്ലാതെ വിഷമിപ്പിച്ചിരുന്നതായും പലപ്പോഴായി റംസിയയുടെ കുടുംബത്തില്‍ നിന്ന് ഇയാള്‍ അഞ്ച് ലക്ഷത്തോളം രൂപ കൈപ്പറ്റിയിരുന്നതായും കുടുംബം പറഞ്ഞു. അടുത്തിടെ മറ്റൊരു വിവാഹത്തിനു ഇയാള്‍ തയാറെടുത്തിരുന്നതായും റംസിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു.