ആദ്യ പ്രളയത്തിൽ മേയർ പ്രശാന്ത് എവിടെയായിരുന്നു : പദ്മജ വേണുഗോപാല്‍

തിരുവനന്തപുരം: തിരുവനന്തപുരം മേയർ വി കെ പ്രശാന്തിനെതിരെ വിമര്‍ശനവുമായി പദ്മജ വേണുഗോപാൽ രംഗത്ത് . ആദ്യ പ്രളയത്തിൽ മേയർ എവിടെയായിരുന്നു എന്ന് പദ്മജ ചോദിച്ചു . ജനങ്ങൾ നൽകിയ സാധങ്ങൾ കയറ്റി അയക്കാൻ മേയർ ബ്രോയുടെ ആവശ്യമില്ലെ ന്നും അവർ കൂട്ടിച്ചേർത്തു .

‘വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് പ്രചാരണത്തിൽ ഒരു കുറവും ഇല്ല. കെ മോഹൻകുമാർ ശുദ്ധ ഹൃദയനായത് കൊണ്ടാണ് പരാതി പറഞ്ഞത്. അച്ഛനോടുള്ള സ്നേഹം കൊണ്ടാണ് തന്‍റെ പേര് തലസ്ഥാനത്ത് ഉയർന്നത്’ – പദ്മജ വേണുഗോപാല്‍ വ്യക്തമാക്കി .

പ്രളയ ബാധിതര്‍ക്കായി ജനങ്ങള്‍ കൈയയച്ച് നല്കിയ സഹായം കയറ്റിയയച്ചതാണോ പ്രശാന്തിന്റെ പ്രവര്‍ത്തന മികവെന്ന് മുരളീധരന്‍ നേരത്തെ പരിഹസിച്ചിരുന്നു. ഈ പ്രളയകാലത്ത് നഗരസഭയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ജനത നടത്തിയ സഹായ ശേഖരണം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇത് മുന്‍ നിര്‍ത്തിയുള്ള എല്‍ഡിഎഫ് പ്രചാരണങ്ങള്‍ക്കെതിരെയായിരുന്നു മുരളീധരന്റെ പരിഹാസം.

ഏറെ തര്‍ക്കങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും ഒടുവിലാണ് കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പിന്റെ സീറ്റായ വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. മുന്‍ എംപി പീതാംബരക്കുറുപ്പിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദ്ദേശമായിരുന്നു കെ മുരളീധരന്‍ എംപി മുന്നോട്ട് വച്ചത്. എന്നാല്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം കുറുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ കെ മോഹന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോൺ​ഗ്രസ് സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു