ബസുകൾ കൂട്ടിയിടിച്ച് അപകടം, യാത്രക്കാർക്ക് പരിക്ക്, സംഭവം പാലക്കാട്

പാലക്കാട് : കഞ്ചിക്കോട് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊഴിഞ്ഞാമ്പാറ – കഞ്ചിക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ആരുടെയും പരിക്കുകൾ ​ഗുരുതരമല്ല എന്നാണ് പുറത്തു വരുന്ന വിവരം.

അതേസമയം, മധ്യപ്രദേശിൽ പിക്കപ്പ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് 14 പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. ദിൻഡോരി ജില്ലയിലെ ബദ്‌ജർ ഗ്രാമത്തിന് സമീപം വ്യാഴാഴ്ച പുലർച്ചെ 1.30 ഓടെയാണ് അപകടം. ദേവാരി ഗ്രാമത്തിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗ്രാമീണർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ സമീപത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ എത്തിച്ചു. ഡിൻഡോരി കളക്ടർ വികാസ് മിശ്രയും പോലീസ് സൂപ്രണ്ടും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.