വി കെ ഇബ്രാഹിം കുഞ്ഞ് വീണ്ടും ജാമ്യാപേക്ഷ നല്‍കും

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് വീണ്ടും ജാമ്യാപേക്ഷ നല്‍കും. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കുക. ഇബ്രാഹിംകുഞ്ഞിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മതിയെന്ന നിലപാടിലാണ് വിജിലന്‍സ്. തിങ്കളാഴ്ച വിജിലന്‍സ് വീണ്ടും ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിലെത്തി ചോദ്യം ചെയ്യും. പ്രതിയെ വിജിലന്‍സ് കസ്റ്റഡിയില്‍ ആവശ്യപ്പെടില്ല പകരം ചോദ്യം ചെയ്യാന്‍ കൂടുതല്‍ ദിവസങ്ങള്‍ അനുവദിച്ച് തരണമെന്നായിരിക്കും ഏജന്‍സി ആവശ്യപ്പെടുക. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിക്കും.

ഇബ്രാഹിം കുഞ്ഞ് അര്‍ബുദ ബാധിതനാണെന്നും കസ്റ്റഡിയില്‍ വിട്ടാല്‍ അണുബാധയുണ്ടാകുമെന്നുമുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തെത്തുടര്‍ന്ന് കസ്റ്റഡിയില്‍ വിടില്ലെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് വി കെ ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് മാറ്റണമെന്ന അപേക്ഷ വിജിലന്‍സ് പിന്‍വലിച്ചിരുന്നു. പകരം ആശുപത്രിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി ഉപാധികളോടെയാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലസിന് അനുമതി നല്‍കിയത്. ചോദ്യം ചെയ്യാന്‍ ഏഴ് നിബന്ധനകളാണ് കോടതി മുന്നോട്ടുവെച്ചിരിക്കുന്നത്. 30ാം തിയതിയാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യേണ്ടത്. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാം. രാവിലെ 9 മണി മുതല്‍ 12 മണി വരെയും, വൈകീട്ട് മൂന്ന് മണി മുതല്‍ അഞ്ച് മണി വരെയുമാണ് ചോദ്യം ചെയ്യാന്‍ അനുമതി.

ചോദ്യം ചെയ്യുന്നതിന് മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൊവിഡ് ടെസ്റ്റ് നടത്തണം. പ്രതിയെ മാനസികമായും ശരീരികമായും പീഡിപ്പിക്കരുത്. ചികിത്സ തടസപ്പെടുത്തരുത്. ഒരു മണിക്കൂറിന് ശേഷം പതിനഞ്ചു മിന്റ് ഇടവേള നല്‍കണം. ചോദ്യം ചെയ്യല്‍ സമയത്ത് മൂന്ന് ഉദ്യോഗസ്ഥര്‍ മാത്രമേ പാടുള്ളു. ഉത്തരവിന്റെ പകര്‍പ്പ് ആശുപത്രി അധികൃതര്‍ക്ക് നല്‍കണം. എന്നിങ്ങനെ ഏഴ് നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്.