കോവിഡ് 19 : പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ 10 പേരുടെ സ്രവ പരിശോധാ ഫലം നെ​ഗറ്റീവ്

പത്തനംതിട്ട: കോവിഡ് 19 ലക്ഷണങ്ങളുമായി പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ 10 പേരുടെ സ്രവ പരിശോധനാ ഫലം ലഭിച്ചു. പത്തും നെഗറ്റീവ് ആണ്. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയ 24 പേരിൽ 10 പേർക്ക് വൈറസ് ബാധയില്ലെന്നാണ് പരിശോധനാ ഫലം വ്യക്തമാകുന്നത്. ഇനി പതിനാല് പേരുടെ പരിശോധനഫലമാണ് ലഭിക്കാനുള്ളത്. പരിശോധന ഫലം നെഗറ്റീവായ പത്ത് പേരില്‍ അഞ്ച് പേരെ ഇതിനോടകം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. 2 മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ 30 പേരാണ് ഐസോലേഷൻ വാർഡുകളിൽ തുടരുന്നത്.

അതേസമയം കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ പുറപ്പെടുവിച്ച നിർദേശങ്ങൾ അവഗണിച്ചാൽ കർശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. രോഗബാധ കണ്ടെത്തിയ റാന്നിയിലെ വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കാൻ ജനപ്രതിനിധികളുടെ യോഗത്തിൽ കലക്ടർ നിർദേശം നൽതി. 900 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇവര്‍ക്കെല്ലാം ഭക്ഷണവും വെള്ളവും ജില്ലാ ഭരണകൂടം എത്തിച്ചു നല്‍കും.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളിൽ നിന്നും വിവിധ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ നിന്നുമുള്ള മെഡിക്കൽ സംഘങ്ങൾ ജില്ലയിലെത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ വരുന്ന ഒരാഴ്ച നിർണായകമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തില്‍ നിരീക്ഷണം കർശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്‍റെ നിലപാട്.