അമ്മ അച്ഛനെ വിളിക്കുന്നതു ലാലേട്ടാ എന്നാണ്, ഞാനും ലാലേട്ടാന്നു വിളിക്കാറുണ്ട്; ദുര്‍ഗ്ഗ

വിമാനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്‌റെ നായികയായിട്ടായിരുന്നു ദുര്‍ഗ കൃഷ്ണയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. സിനിമ വലിയ വിജയം നേടിയില്ലെങ്കിലും നടി പിന്നീട് മോളിവുഡില്‍ സജീവമായി. നിലവില്‍ മോഹന്‍ലാല്‍ നായകനാവുന്ന ജീത്തു ജോസഫ് ചിത്രം റാമിലാണ് ദുര്‍ഗ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലാലേട്ടന്റെ കടുത്ത ആരാധികയാണ് താനെന്ന് മുന്‍പ് നടി തുറന്നുപറഞ്ഞിട്ടുണ്ട്. സൂപ്പര്‍ താരത്തിനൊപ്പമുളള ചിത്രങ്ങള്‍ ദുര്‍ഗ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെക്കാറുണ്ട്. സിനിമാത്തിരക്കുകള്‍ക്കിടെ നടിയുടെതായി വന്ന പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. റാം ഷൂട്ടിംഗിനിടെ മോഹന്‍ലാല്‍ പകര്‍ത്തിയ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്.

മോഹന്‍ലാലിനെ ആദ്യ കണ്ട നിമിഷത്തെ കുറിച്ചും ദുര്‍ഗ പറയുന്നു. അമ്മ ഷോയില്‍ ഒരു പ്രോഗ്രാമിനെത്തിയപ്പോഴാണ് ദുര്‍ഗ ആദ്യമായി മോഹന്‍ലാലിനെ നേരില്‍ കാണുന്നത്. സ്‌കിറ്റില്‍ പങ്കെടുക്കാനായി നായകന്‍ കടന്നു വന്നപ്പോള്‍ ഞെട്ടി. താന്‍ ഏറെ ആദരിക്കുന്ന കാണാന്‍ ആഗ്രഹിച്ചിരുന്ന മോഹന്‍ലാലാണ് നായകന്‍. ഒരോരുത്തരെയായി പരിചയപ്പെട്ടു ദുര്‍ഗയുടെ അടുത്തെത്തി. ‘ഞാന്‍ മോഹന്‍ലാല്‍’ എന്നു പറഞ്ഞു തൊഴുതപ്പോള്‍ മുന്നിലുള്ളതൊന്നും കാണാനില്ല. പിന്നെ പൊട്ടിക്കരഞ്ഞു. കാത്തു കാത്തിരുന്ന മനുഷ്യന്‍ സ്വയം പരിചയപ്പെടുത്തി മുന്നില്‍ നില്‍ക്കുന്നു. അപ്പോള്‍ ആരായാലും കരഞ്ഞു പോകും. ലാല്‍സാറിനെ ഞാന്‍ അത്രയേറെ ആരാധിച്ചിരുന്നു. ദുര്‍ഗ പറഞ്ഞു.

പ്രേതം 2-ന്റെ ഷൂട്ടിങ്ങിനായി വരിക്കാശ്ശേരി മനയില്‍ എത്തിയപ്പോള്‍ ആദ്യം മനസ്സിലേക്ക് വന്നത് ലാലേട്ടന്റെ മുഖമാണെന്ന് ദുര്‍ഗ പറയുന്നു. ‘മനയും അതിനു മുന്നിലുള്ള ചാരുകസേരയും കണ്ടപ്പോള്‍ ലാലേട്ടനും അദ്ദേഹത്തിന്റെ സിനിമകളുമാണ് മനസ്സിലേക്കു വന്നത്. ഞാന്‍ ഒരു ഭയങ്കര ലാലേട്ടന്‍ ഫാനാണ്. സിനിമയിലെത്തിയപ്പോള്‍ ഞാനാദ്യമായി ഒരാഗ്രഹം ആവശ്യപ്പെട്ടത് എനിക്ക് ലാലേട്ടനെ കാണണമെന്നതായിരുന്നു. സിനിമയില്‍ വരുന്നതിനു മുമ്പും അദ്ദേഹത്തിനെ കാണാന്‍ ഒരുപാട് ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലൊക്കെ സ്ഥിരമായി മെസേജുകള്‍ അയച്ചിരുന്നു. ലാലേട്ടനെ കാണാനുള്ള ആഗ്രഹം പറഞ്ഞും അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ച് പറഞ്ഞുമൊക്കെ വലിയ മെസേജുകള്‍ അദ്ദേഹത്തിന് അക്കാലത്ത് അയച്ചിരുന്നു’ ദുര്‍ഗ പറയുന്നു.

‘എന്റെ അച്ഛനെ അമ്മ വിളിക്കുന്നതു ലാലേട്ടന്‍ എന്നാണ്. ഞാനും പലപ്പോഴും ലാലേട്ടാന്നു വിളിക്കാറുണ്ട്. അതു സത്യത്തില്‍ മോഹന്‍ലാല്‍ സാറിനോടുള്ള ആരാധന കൊണ്ടായിരുന്നു. ഇപ്പോള്‍ ശരിക്കുമുള്ള മോഹന്‍ലാലിനെ ലാലേട്ടനെന്നു വിളിക്കാനുള്ള അവസരം ദൈവമെനിക്കു സമ്മാനിച്ചിരിക്കുന്നു. ‘ദുര്‍ഗ കൃഷ്ണ പറഞ്ഞു.