രോഗി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കി, സംഭവം തിരുവനന്തപുരം മെഡിക്കൽ കോളജിൽ

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കരിക്കകം സ്വദേശി ഗോപകുമാറാണ് ആത്മഹത്യ ചെയ്തത്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ രണ്ടാം നിലയിൽ നിന്നാണ് ഇയാൾ താഴേക്ക് ചാടിയതെന്നാണ് വിവരം. വൃക്കരോഗത്തെ തുടർന്ന് ഇന്നലെയാണ് ഗോപകുമാറിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളജ് ഫാർമസിയിൽനിന്ന് രോഗിക്ക് മരുന്ന് മാറിനൽകിയതായി കഴിഞ്ഞ ദിവസം പരാതി ഉയർന്നിരുന്നു. വാതരോഗിയായ പെൺകുട്ടിക്ക് ഹൃദ്രോഗത്തിനുള്ള മരുന്നാണ് നൽകിയത്. പെൺകുട്ടി 45 ദിവസം മരുന്ന് കഴിച്ചു.

ഡോക്ടർ എഴുതി നൽകിയത് വാതരോഗത്തിനുള്ള മരുന്ന് തന്നെയായിരുന്നു. ഫാർമസിയിൽനിന്നാണ് മരുന്ന് മാറിയത്. ആരോഗ്യനില മോശമായ പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കുട്ടിയുടെ കുടുംബം ആശുപത്രി സൂപ്രണ്ടിനും മെഡിക്കൽ കോളജ് പൊലീസിലും പരാതി നൽകി.