അരിക്കൊമ്പനെ പിടിക്കുന്ന ദൗത്യം നീളും; ശാശ്വത പരിഹാരം കോളനിക്കാരെ മാറ്റി താമസിക്കുന്നത്- ഹൈക്കോടതി

കൊച്ചി. അരിക്കൊമ്പനെ പിടിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ആനയെ പിടിക്കാതെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കുന്ന മറ്റ് വഴികള്‍ ഇല്ലെന്ന് കോടതി വനംവകുപ്പ് ഉദ്യോഗസ്ഥരോട് ചോദിച്ചു. അരിക്കൊമ്പന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന 301 കോളനിയിലുള്ളവരെ മാറ്റി താമസിപ്പിക്കുന്നതല്ലെ ശാശ്വത പരിഹാരം എന്ന് ഹൈക്കോടതി ചോദിച്ചു.

ആദിവാസികളെ ആനയുടെ വാസമേഖലയിലേക്ക് എങ്ങനെ താമസിപ്പിച്ചുവെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. അതേസമയം ശശ്വത പരിഹാരം കോളനി നിവാസികളെ മാറ്റിപ്പാര്‍പ്പിക്കുകയാണെന്ന് വനംവകുപ്പ് പറഞ്ഞു. എന്നാല്‍ ആനയുടെ ആക്രമണത്തിന് അടിയന്തരമായി പരിഹാരം കണ്ടെത്തുവാന്‍ ആനയെ പിടിക്കുകയാണ് വേണ്ടതെന്ന് കോടതിയെ വനം വകുപ്പ് അറിയിച്ചു.

ആനയെ പിടികൂടി റേഡിയോ കോളര്‍ ധരിപ്പിച്ച് ഉള്‍വനത്തിലേക്ക് മാറ്റുന്നതും ആനയുടെ സഞ്ചാരം നിരീക്ഷിക്കുന്നതും പ്രായോഗികമല്ലെന്ന് വനം വകുപ്പ് കോടതിയില്‍ അറിയിച്ചു. അതേസമയം അരിക്കൊമ്പന്റെ ശല്യം എല്ലാ കോളനിയിലും ഉണ്ടോ എന്ന് കോടതി വനംവകുപ്പിനോട് ചോദിച്ചു. എല്ലാ ആനകളെയും പിടികൂടി കൂട്ടിലടയ്ക്കാന്‍ സാധിക്കില്ല. ഇന്ന് അരിക്കൊമ്പനാണെങ്കില്‍ നാളെ മറ്റൊരു കൊമ്പന്‍ എന്നും കോടതി പറഞ്ഞു.