പെരുമ്പാവൂര്‍ വെടിവയ്പ്പ് കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും; സംഘര്‍ഷത്തിന് പിന്നില്‍ കുടിപ്പക

പെരുമ്പാവൂര്‍ വെടിവയ്പ്പ് കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ കുടിപ്പകയാണ് വെടിവെയ്പ്പിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷത്തിനിടെ പെരുമ്പാവൂര്‍ സ്വദേശി ആദില്‍ ഷായ്ക്കാണ് വെടിയേറ്റത്. വെടിയേറ്റ ആദില്‍ ഷായും ആക്രമണം നടത്തിയ നിസാറും തമ്മില്‍ കഴിഞ്ഞ കുറച്ചു നാളുകളായി തര്‍ക്കത്തില്‍ ആയിരുന്നെന്നും പൊലീസ് പറഞ്ഞു.

പെരുമ്പാവൂരുകാരെ ഞെട്ടിച്ച് ഇന്നലെയാണ് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. വെടിവെച്ചവേല തണ്ടേക്കാട് മഠത്തുംപടി നിസാര്‍, മിച്ചു തുടങ്ങിയ ആറുപേര്‍ തമ്മിലാണ് വെടിവയ്പ്പ് നടന്നത്. ആദില്‍ ഷായുടെ നെഞ്ചിലാണ് വെടിയേറ്റത്. ആദിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുജറാത്തില്‍ നിന്നും വാങ്ങിയ കള്ളത്തോക്കാണ് വെടിവെയ്ക്കാന്‍ ഉപയോഗിച്ചത്. പെരുമ്പാവൂരിലെ നാലു ഗുണ്ടകളുടെ കൈയില്‍ തോക്ക് ഉള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കള്ളത്തോക്ക് വില്‍ക്കുന്ന സംഘങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

അതേസമയം പെരുമ്പാവൂരില്‍ സംഘര്‍ഷങ്ങള്‍ പതിവാകുകയാണെന്ന് വ്യാപക പരാതി ഉയരുന്നുണ്ട്. ഇന്നലെ ഇതര സംസ്ഥാന തൊഴിലാളി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് രണ്ടുപേര്‍ ചേര്‍ന്ന് തൂമ്പ ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി 35 വയസ്സുകാരനായ മണിയാണ് മരിച്ചത്.