ചവറിന് തീ കൊളുത്തുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം

കറുകച്ചാല്‍: യുവതിയുടെ അപ്രതീക്ഷിത മരണത്തില്‍ വിറങ്ങലിച്ച് കോട്ടയം കറുകച്ചാല്‍ നിവാസികള്‍. നെടുംകുന്നം പുതുപ്പള്ളിപ്പടവ് തൊട്ടിക്കല്‍ സിനോജിന്‍ഫെ ഭാര്യ കെ പി പ്രതിഭ എന്ന 36കാരിയാണ് മരിച്ചത്. ചപ്പുചവറുകള്‍ക്ക് തീ ഇടുന്നതനിടെ വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റാണ് പ്രതിഭ മരിച്ചത്. ഇന്നലെ വൈകുന്നേരം 6.15 ഓടെ ആയിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

വീടിന് സമീപം ഉണ്ടായിരുന്ന ചപ്പു ചവറുകളും കരിയിലകളും കൂട്ടിയിട്ട ശേഷം പ്രതിഭ കത്തിക്കുകയായിരുന്നു. ഇതിനിടെയാണ് യുവതിയുടെ വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പിടിക്കുന്നത്. തുടര്‍ന്ന് തീപടര്‍ന്നുവെങ്കിലും അണക്കാനായി അരികിലുള്ള ശുചിമുറിയില്‍ കയറിയെങ്കിലും അവിടെ വെള്ളം ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് യുവതിയുടെ കരച്ചില്‍ കേട്ട് ഓടി എത്തിയ നാട്ടുകാര്‍ തീ കെടുത്തി. ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. കറുകച്ചാല്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു.