മന്ത്രി ആന്റണി രാജു ജട്ടി വലിപ്പം കുറച്ച് പ്രതിയെ രക്ഷിച്ച സംഭവം ഹൈക്കോടതിയിൽ ഹർജി.

 

കൊച്ചി/ തൊണ്ടിമുതലായ ‘ജട്ടിയുടെ’ വലിപ്പം കുറച്ച് കൃത്രിമം കാണിച്ച് മയക്ക് മരുന്നുമായി പിടികൂടിയ വിദേശ പൗരനെ കോടതിയെ കബളിപ്പിച്ച് രക്ഷപ്പെടുത്തിയ സംഭവത്തിൽ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ ഹൈക്കോടതിയിൽ ഹർജി. പൊതുപ്രവർത്തകനായ ജോർജ് വട്ടുകുളം ആണ് ഇക്കാര്യത്തിൽ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ വേഗത്തിലാക്കണമെന്നാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ള ആവശ്യം.

വിദേശിയായ മയക്കുമരുന്ന് കേസ് പ്രതിയെ രക്ഷിക്കാൻ തൊണ്ടി മുതലായ അടി വസ്ത്രത്തിൽ ആന്റണി രാജു കൃത്രിമം കാണിച്ചെന്നാണ് കേസ്. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസ് വിചാരണ നടപടികൾ ആരംഭിക്കാത്ത അനന്തമായി നീളുകയാണ്. ഈ സാഹചര്യത്തിലാണ് നടപടി ക്രമങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകന്റെ ഹർജി. ഹർജി കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കുകയാണ്.

ആന്റണി രാജു പ്രതിയായ കേസ് പതിറ്റാണ്ടുകളായി കോടതി മുറിയിൽ വിചാരണ നടക്കാതെ കിടക്കുകയാണെന്ന് ഹർജിയിൽ പറഞ്ഞിരിക്കുന്നു. കേസുമായി ബന്ധപ്പെട്ടുള്ള വിചാരണ നടപടികൾ മനപ്പൂർവ്വം വൈകിപ്പിക്കുകയാണ്. ആയതിനാൽ ഇക്കാര്യത്തിൽ കോടതി ഇടപെട്ട് നടപടി ക്രമങ്ങൾ വേഗത്തിലാക്കി, വിസ്താരമുൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി എത്രയും വേഗം കേസിൽ തീരുമാനം ഉണ്ടാക്കണമെന്നും വിഷയത്തിൽ കോടതിയ്‌ക്കെതിരെയും അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നു.

ആന്റണി രാജു ജൂനിയർ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന കാലത്താണ് വിവാദമായ സംഭവം നടക്കുന്നത്. പ്രതിയെ രക്ഷിക്കാൻ കോടതിയിലെ ക്ലാർക്കിനെ സ്വാധീനിച്ച് തൊണ്ടിമുതൽ മോഷ്ടിക്കുകയും അളവിൽ വ്യത്യാസം വരുത്തുകയും ചെയ്തുവെന്നാണ് കേസ്. അടിവസ്ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച കേസിൽ അടിവസ്ത്രം പ്രതിക്ക് പാകമല്ലെന്ന് കണ്ടെത്തിയാണ് ഹൈ കോടതി പ്രതിയെ വെറുതെ വിടുന്നത്. ഇക്കാര്യത്തിൽ കോടതിയെ കബളിപ്പിക്കൽ കൂടിയാണ് നടന്നിരിക്കുന്നത്.