നെയ്യാറ്റിന്‍കരയില്‍ പോലീസ് സ്‌റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം; പ്രതികള്‍ രക്ഷപ്പെട്ടു

തിരുവനന്തപുരം: ആര്യങ്കോട് പോലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബാക്രമണം. ബൈക്കിലെത്തിയ രണ്ട് പേരാണ് ബോംബെറിഞ്ഞത്. ആക്രമണത്തിൽ ആർക്കും പരിക്കില്ല. സംഭവത്തിൽ എസ്‌ഐയുടെ വാഹനത്തിന്റെ ചില്ലുകൾ തകർന്നു.

ഇന്നലെ ഒരു യുവാവിനെ കഞ്ചാവ് സംഘം ആക്രമിച്ചിരുന്നു. പ്രതികൾക്കായി പോലീസ് ഇന്നലെ നിരവധി വീടുകളിൽ തിരച്ചിൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് സ്‌റ്റേഷനുനേരെ ആക്രമണമുണ്ടായത്. രണ്ട് തവണ ബോംബെറിഞ്ഞു എന്നാണ് പോലീസ് പറയുന്നത്.

സംഭവത്തെ തുടർന്ന് പോലീസ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. കൂടുതൽ പോലീസുകാരെ വിവധ സ്‌റ്റേഷനുകളിൽ നിന്നും എത്തിച്ച് തിരച്ചിൽ നടത്താനാണ് തീരുമാനമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.