പലർക്കും ജീവൻ നഷ്ടമായത് ഉറക്കത്തിൽ, മണ്ണും ചെളിയും കൊണ്ട് നിറഞ്ഞ അവസ്ഥയിലായിരുന്നു ശ്വാസകോശം

നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തം നടന്നിട്ട് ഒരാഴ്ച പിന്നിട്ടു. 6ന് രാത്രി 11 മണിയോടെയാണ് സ്ഥലത്ത് ഉരുൾപൊട്ടലും വലിയ മണ്ണിടിച്ചിലുമുണ്ടായത്. ഇവിടെ ഒരു തടയണയുണ്ടായിരുന്നതായും സ്ഥിരീകരണമുണ്ട്. ഇതും അപകടത്തിന്റെ തീവ്രത കൂട്ടി. 1.5 കിലോ മീറ്റർ അകലെ വനത്തിൽ നിന്നാണ് ആദ്യം ഉരുൾപൊട്ടിയത്. . പിന്നീട് ഇത് വലിയ മണ്ണിടിച്ചിലായി വെള്ളത്തോടൊപ്പം മഴയിൽ വെള്ളം ഒഴുകിയിരുന്ന നീർച്ചാലിലൂടെ ഒഴുകി പെട്ടിമുടി പുഴയിലേക്ക് എത്തുകയായിരുന്നു. നിരപ്പുള്ള മേഖലയായതിനാൽ ഇതിന് കരയിലായിരുന്നു ലയങ്ങൾ സ്ഥാപിച്ചിരുന്നത്. 4 ലയങ്ങൾ പൂർണ്ണമായും മണ്ണിനടിയിലായി. സമീപത്തെ ഒരു ലയത്തിന് നാശവുണ്ടായി. 84 പേർ താമസിച്ചിരുന്നുവെന്ന് കണ്ണൻ ദേവൻ കമ്പനി പറയുന്ന സ്ഥലത്ത് നിന്ന് ആകെ രക്ഷപ്പെട്ടത് 12 പേരാണ്.ഇതിൽ ഒരാൾ ഗുരുതര പരിക്കേറ്റ് ചികിത്സയിലുണ്ട്. ഇന്നലെ വരെ 56 പേരുടെ മൃതദേഹം കണ്ടെത്തി. ഇനി ആറ് കുട്ടികളടക്കം 14 പേരെ കൂടി കണ്ടെത്താനുണ്ട്.

രക്ഷ പ്രവർത്തനത്തിന് പലകോണിൽ നിന്നുള്ള ആളുകൾ കോവിഡിനെയും കനത്ത മഴയെയും അവ​ഗണിച്ച് പ്രവർത്തിച്ചു. രാപ്പകലില്ലാതെ തിരച്ചിൽ തുടർന്നു.  ഡോക്ടർമ്മാരുടെയും ആരോ​ഗ്യ പ്രവർത്തകരുടെയും ഡ്രൈവർമ്മാരുടെയും സേവനം എടുത്ത് പറയേണ്ടതാണ്. ഉരുൾപൊട്ടൽ ദുരന്തഭൂമിയിലേക്കു പുറം ലോകത്തു നിന്നുള്ളവർ എത്തിപ്പെടാൻ കാരണമായതു ജെസിബി, ഹിറ്റാച്ചി ഓപ്പറേറ്റർമാരുടെ മണിക്കൂറുകൾ നീണ്ട സേവനം മൂലമാണ് പല റോഡുകളും പാലങ്ങളും ഉരുൾപ്പൊട്ടലിൽ തൿന്നു പോയിരുന്നു. പെരിയവരൈയിലെ താൽക്കാലിക പാലത്തിനു കനത്ത മഴയിൽ കേടുപാടുകൾ സംഭവിച്ചതിനാൽ മറയൂരിൽ നിന്നുള്ള പൊലീസ് സംഘവും ആരോഗ്യ പ്രവർത്തകരുമാണ് ആദ്യമെത്തിയത്.

മൂന്നാർ റോഡിൽ 9 ഇടങ്ങളിലാണ് മലയിടിഞ്ഞു റോഡിലേക്കു വീണത്. ഇവ നീക്കുന്നതിൽ മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായം വലുതായിരുന്നു. ഇടുങ്ങിയ വഴിയിലൂടെ സാഹസികമായാണ് ഓരോ മണ്ണുമാന്തി യന്ത്രവും പെട്ടിമുടിയിലെത്തിയത്.ദുരന്തഭൂമിയിൽ, ചെളിയും ആഴവും അറിയാൻ സാധിക്കാതിരുന്നിട്ടും സങ്കോചമില്ലാതെ ഓപ്പറേറ്റർമാർ മണ്ണുമാന്തി യന്ത്രം ഓടിച്ചിറക്കി. മണ്ണിനടിയിൽ നിന്നു ലഭിക്കുന്ന മൃതദേഹങ്ങൾക്കു പോറൽ പോലും തങ്ങൾ കാരണം സംഭവിക്കരുതെന്ന പ്രാർഥനയുമായി അതീവ സൂക്ഷമതയോടെയാണിവർ മണ്ണു നീക്കിയത്.
തിരച്ചിൽ ജോലിക്കിടെ ഒട്ടേറെ തവണ മണ്ണുമാന്തി യന്ത്രങ്ങൾ അപകടത്തിലായി. മറ്റു മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണിവ നീക്കിയത്. ഒരോ പാളി മണ്ണും കല്ലും മാറ്റുമ്പോഴും ഒരാളെയെങ്കിലും ജീവനോടെ ലഭിക്കുമെന്നു പ്രതീക്ഷിച്ചാണ് ഇവർ ജോലി ചെയ്തത്.

പലർക്കും ജീവൻ നഷ്ടപ്പെട്ടത് ഉറക്കത്തിലാണെന്ന് പറയുകയാണ് മെഡിക്കൽ ഓഫിസറും ഫൊറൻസിക് സർജനുമായ ഡോ. വി.കെ.പ്രശാന്ത്.പലരുടെയും ആമാശയത്തിലും ശ്വാസകോശത്തിലും മണ്ണും വെള്ളവും കലർന്ന ചെളിയാണ് സാധിച്ചതെന്ന് അദ്ദേഹം വേദനയോടെ പറഞ്ഞു. ഇടുക്കി ഗവ. മെഡിക്കൽ കോളജിലെ ഫൊറൻസിക് സർജൻമാരായ ഡോ. ജിനുവും ഡോ. പ്രശാന്തും ഉൾപ്പെടെ 30 ഡോക്ടർമാരും 30 അറ്റൻഡർമാരുമടങ്ങുന്ന സംഘമാണ് 56 മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയത്. ഒറ്റ ദിവസം 27 മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തേണ്ടി വന്നു. രാജമല ആശുപത്രിയിലെ രോഗികളെ പരിശോധിച്ചിരുന്ന വാർഡ് പോസ്റ്റ്മോർട്ടം ചെയ്യുന്ന മുറിയാക്കിയായിരുന്നു പ്രവർത്തനം നടത്തിയത്. വളരെ വേദനാജനകമായ സാഹചര്യങ്ങളിലൂടെയാണ് ആശുപത്രി പ്രവർത്തകരും കടന്നുപോയത്.