ഫോൺ മോഷ്ടിച്ച കേസിൽ ബാങ്ക് മാനേജർ പിടിയിൽ, സംഭവം ഇടുക്കി

ഇടുക്കി : വിലപിടിപ്പുള്ള ഫോൺ മോഷ്ടിച്ച കേസിൽ ബാങ്ക് മാനേജർ പിടിയിൽ. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയും സ്വകാര്യ ബാങ്കിലെ മാനേജറുമായ ദീപക് മനോഹർ(36) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കുമളിയിലായിരുന്നു സംഭവം.

പ്രതിയും കൂട്ടുകാരും തേക്കടിയിൽ വിനോദയാത്രയ്‌ക്ക് വന്നപ്പോഴാണ് മോഷണം നടത്തിയത്. കുമളിയിൽ എത്തിയ പ്രതിയും സംഘവും ഫോൺ വാങ്ങാൻ എന്ന വ്യാജേനയാണ് കടയിൽ കയറിയത്. കൂട്ടുകാർക്കൊപ്പം ഫോൺ നോക്കുന്നതിനിടെ ഇയാൾ വിലപിടിപ്പുള്ള രണ്ട് ഫോണുകൾ കവർന്നു. പിന്നീട് ഫോൺ ഇഷ്ടമായില്ലെന്ന് പറഞ്ഞ് സംഘം കടയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.

തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതിയെ തിരുച്ചിറപ്പള്ളിയിലെ വീട്ടിലെത്തിയാണ് കുമളി പൊലീസ് അറസ്റ്റ് ചെയ്തത്. കടയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.