പണം വാങ്ങിയിട്ടുണ്ടെങ്കിൽ തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു, നന്ദകുമാറിന്റെ ആരോപണം സ്ഥിരീകരിച്ച് പി ജെ കുര്യൻ

പത്തനംതിട്ട: അനിൽ ആന്റണിക്കെതിരെ ദല്ലാൾ നന്ദകുമാറിന്റെ ആരോപണം ശരിയെന്ന് സ്ഥിരീകരിച്ച് പി ജെ കുര്യൻ. അനിൽ ആന്റണി വാങ്ങിയ പണം തിരികെ കിട്ടാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നന്ദകുമാർ തന്നെ വന്ന് കണ്ടിരുന്നെന്ന് പി ജെ കുര്യൻ പറഞ്ഞു. ആ പണം തിരികെ ലഭിക്കാൻ നന്ദകുമാറിനായി ഇടപെട്ടന്നും അദ്ദേഹം പറഞ്ഞു. പണം വാങ്ങിയിട്ടുണ്ടെങ്കിൽ തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് ആന്റണിയോടാണോ അനിൽ ആന്റണിയോടാണോ എന്ന് ഓ‍ർമ്മയില്ല.

പ്രായമായ മാതാപിതാക്കളെ ഒഴിവാക്കുന്നതുപോലെയാണ് അനിൽ ആന്റണി കോൺഗ്രസിനെ ഒഴിവാക്കി ബിജെപിയിൽ പോയത്. അനിൽ ആന്റണി ബിജെപി വിട്ട് വന്നാൽ കോൺഗ്രസിൽ എടുക്കണം എന്നാണ് തന്റെ അഭിപ്രായം. നന്ദകുമാറുമായി തനിക്ക് പരിചയമുണ്ട്. കോൺഗ്രസിന്റെ മോശം കാലത്താണ് അനിൽ ആൻ്റണി കോൺഗ്രസ് പാർട്ടി വിട്ടത്. എ കെ ആന്റണിയെ ആർക്കും സ്വാധീനിക്കാൻ കഴിയില്ലെന്നും ആന്റണി അഴിമതിക്ക് കൂട്ടുനിൽക്കില്ലെന്നും പി ജെ കുര്യൻ പറഞ്ഞു.

ഒന്നാം യുപിഎ സർക്കാരിന്റെ അവസാന കാലത്തും രണ്ടാം യുപിഎ കാലത്തും ഡൽഹിയിലെ അറിയപ്പെടുന്ന ബ്രോക്കർ ആയിരുന്നു അനിൽ ആന്റണിയെന്നും സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിന് തന്റെ കയ്യിൽ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്നും ദല്ലാൾ നന്ദകുമാർ ആരോപിച്ചിരുന്നു.