5000 കോടിയുടെ കുംഭകോണമാണ് നടന്നത്, ഇതിനെയാണ് ഒരു കറുത്ത വറ്റെന്ന് പറയുന്നത്, കട്ടവരോട് ഐക്യദാര്‍ഢ്യവും, മുഖ്യമന്ത്രിക്കുമെതിരേ കടുത്ത വിമര്‍ശനവുമായി പി.കെ കൃഷ്ണദാസ്

കോഴിക്കോട്. 5000 കോടിയുടെ കുംഭകോണമാണ് നടന്നത്. ‘കറുത്ത വറ്റ് ഒന്നേയുള്ളു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പക്ഷേ വെള്ള വറ്റിനെ ഭൂതക്കണ്ണടിവെച്ച് നോക്കിയാലും ഇപ്പോള്‍ കാണില്ല. സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരേ കടുത്ത വിമര്‍ശനവുമായി ബി.ജെ.പി നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്.

‘കറുത്ത വറ്റ് ഒന്നേയുള്ളു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പക്ഷേ വെള്ള വറ്റിനെ ഭൂതക്കണ്ണടിവെച്ച് നോക്കിയാലും ഇപ്പോള്‍ കാണില്ല. ഒരു കറുത്ത വറ്റല്ല കലം മുഴുവന്‍ കറുത്തിരിക്കുകയാണ്. അതുകൊണ്ടാണ് വെളുത്ത വറ്റൊന്നും കാണാത്തത്. ഒരു കറുത്ത വറ്റ് എന്നുപറഞ്ഞാല്‍ ഏതെങ്കിലും ഒരു ബാങ്കില്‍ നടന്ന തട്ടിപ്പാണ് എന്നല്ലേ. എന്നാല്‍, സഹകരണ വകുപ്പ് മന്ത്രി വാസവന്‍ 2022 ജൂണ്‍ 28-ന് നിയമസഭയില്‍ പ്രസ്താവിച്ചത്‌ ഏതാണ്ട് 399 ബാങ്കുകളില്‍ ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയെന്നും അന്വേഷണം നടക്കുകയാണെന്നുമാണ്.

ഇത് ഒരു വര്‍ഷം മുമ്പാണ്. ഇപ്പോള്‍ ഏതാണ്ട് 600-ൽ അധികം ബാങ്കുകളില്‍ തട്ടിപ്പ് നടന്നിട്ടുണ്ട്. 5000 കോടിയുടെ കുംഭകോണമാണ് നടന്നത്. ഇതിനെയാണ് ഒരു കറുത്ത വറ്റെന്ന് പറയുന്നത്. ഇത്രമാത്രം കട്ടവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് ലജ്ജാകരമാണ്. വാസവന്റെ പ്രസ്താവന കടമെടുത്താല്‍ ഈ തട്ടിപ്പെല്ലാം ഒറ്റ കറുത്ത വറ്റാണോ എന്ന് മുഖ്യമന്ത്രി പറയണം’, കൃഷ്ണദാസ് പറഞ്ഞു

കേന്ദ്ര ഏജന്‍സിയായ ഇ.ഡിയെ പരസ്യമായി അദ്ദേഹം ഭീഷണിപ്പെടുത്തി. പോലീസിനെ ഉപയോഗിച്ച് കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ഇ.ഡിക്കെതിരായിട്ട് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നു. എം.വി ഗോവിന്ദനും ഇതേ രീതിയിലാണ് ശ്രമം നടത്തുന്നത്. എം.വി ഗോവിന്ദന്‍ പറഞ്ഞത് നിങ്ങള്‍ ഒറ്റുകൊടുക്കരുത് എന്നാണ്. ഗോവിന്ദന്‍ പറയേണ്ടത് കക്കരുത് എന്നായിരുന്നു. ഒറ്റുകൊടുക്കരുത് എന്നല്ല.

മുഖ്യമന്ത്രിയുടെയും സിപിഎം സെക്രട്ടറിയുടെയും ഈ പ്രസ്താവനകള്‍ വിലയിരുത്തുമ്പോള്‍ വ്യക്തമാകുന്നത് ഇഡിയുടെ അന്വേഷണം അട്ടിമറിക്കണമെന്നും അന്വേഷണം കരുവന്നൂര്‍ ബാങ്കില്‍ മാത്രം ഒതുക്കിനിര്‍ത്തണം എന്നുമാണ്. മറ്റ് ബാങ്കുകളിലേക്ക് ഇ.ഡി അന്വേഷണം വ്യാപിക്കരുത് എന്ന അജണ്ടയുടെ അടിസ്ഥാനത്തിലാണ് ഇ.ഡിക്കെതിരായ പ്രതിരോധവും പ്രതിഷേധവും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിച്ചിട്ടുള്ള സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമെല്ലാം പണം നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ പണം നഷ്ടപ്പെട്ടവരോടൊപ്പമാണ് പാര്‍ട്ടിയും സര്‍ക്കാരും എന്ന് പ്രഖ്യാപിക്കേണ്ടതിന് പകരം അവര്‍ അരവിന്ദാക്ഷന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ്. ഇത് കട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന് തുല്യമാണ്.

മുഖ്യമന്ത്രിയുടെ ഭീഷണിക്ക് മുന്നിലൊന്നും കേന്ദ്ര ഏജന്‍സികള്‍ മുട്ടുമടക്കാന്‍ പോകുന്നില്ല. എവിടെയെല്ലാം കുംഭകോണം നടന്നിട്ടുണ്ടോ അവിടെയെല്ലാം ഇഡി പ്രവേശിച്ച് അന്വേഷണം നടത്തും. എല്ലാ തട്ടിപ്പ് വീരന്‍മാരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഒരുപക്ഷേ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മാര്‍ക്‌സിസ്റ്റ് നേതാക്കളുടെ ജയിലുകളിലേക്കുള്ള യാത്രയ്ക്ക് കേരള രാഷ്ട്രീയം സാക്ഷ്യംവഹിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.