ഇരുട്ടുമുറിയിൽ 15 ദിവസമിട്ടു, മരക്കസേരയിലിരുത്തി ഷോക്കടിപ്പിച്ചു, ഇന്ത്യന്‍ യുവാവിനോട് ചൈനീസ് സൈന്യത്തിന്റെ അതിക്രൂര പീഡനം

ഇന്ത്യയും ചൈനയും അതിർത്തിയിൽ നേർക്കുനേർ പോരാട്ടമാണ്.അതിർത്തിയിലെ പോരാട്ടത്തിൽ ഇന്ത്യക്കാരായ പല സൈനികർക്കും ജീവൻ പൊലിഞ്ഞിരുന്നു. ചൈനീസ് ഉൽപ്പന്നങ്ങളും ആപ്ലിക്കേഷനുകളും ഇന്ത്യ നിരോധിക്കുകയും ചെയ്തിരുന്നു. അതിർത്തിയിൽ സംഘർഷ സാധ്യത നിലനിൽക്കെ ചൈനീസ് പട്ടാളത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ചെെനീസ് സെെന്യത്തിനുമേൽ നിന്ന് ഇന്ത്യക്കാരനായ യുവാവിനു നേരിടേണ്ടി വന്നത് കൊടും ക്രൂര പീഡനമാണ്. 21 വയസുകാരനായ ടോഗ്ലി സിങ്കമാണ് പീഡന വിവരം പുറത്തറിയിച്ചത്.അരുണാചൽപ്രദേശിലെ അപ്പർ സുബാൻസിരി ജില്ലക്കാരനാണ് ടോഗ്ലി. ഈ പ്രദേശത്തെ കുറിച്ച് കൃത്യമായ ധാരണയുള്ളതിനാൽ ഇവിടെ അവശ്യ വസ്തുക്കൾ എത്തിക്കാൻ സർക്കാരിനെയും സെെനിക അധികാരികളെയും ഇയാൾ സഹായിക്കാറുണ്ട്. ലഡാക്കിലെ ഏറ്റുമുട്ടലിന് മുമ്പ് മാർച്ച് 19നാണ് ചെെനീസ് പീപ്പിൾ ലിബറേഷൻ ആർമി(പി എൽ എ) യുവാവിനെ തട്ടിക്കൊണ്ടുപോയത്. കൊടിയ പീഡനങ്ങൾക്കൊടുവിൽ ഏപ്രിൽ ഏഴിനാണ് യുവാവ് മോചിതനായത് മാർച്ച് 19ന് ഇന്ത്യൻ പ്രദേശത്തു ഭക്ഷണത്തിനായി വേട്ടയാടൽ നടത്തുകയായിരുന്ന സമയമായിരുന്നു പി എൽ എ ഉദ്യോഗസ്ഥർ പ്രദേശത്ത് വന്നതെന്ന് യുവാവ് വെളിപ്പെടുത്തി.അവർ കുറേ പേരുണ്ടായതിനാൽ ഓടി രക്ഷപ്പെടാൻ സാധിച്ചില്ല. എന്നെ തറയിൽ ഇരുത്തി. കഴുത്തിന്റെ പിന്നിലായി കെെകൾ കെട്ടി. മുഖം പൊതിഞ്ഞാണ് കൂട്ടിക്കൊണ്ട് പോയത്. ഞാൻ കണ്ണുകൾ തുറന്നപ്പോൾ ചെെനീസ് ക്യാമ്പിലായിരുന്നു. ഒരു കട്ടിലിൽ കെട്ടിയിട്ട് മർദ്ദിച്ചു. പിന്നീട് ചെെനീസ് വാഹനത്തിൽ കയറ്റി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. വീണ്ടും അടിച്ചു-ടോഗ്ലി സിങ്കം പറഞ്ഞു.

കണ്ണു തുറന്നപ്പോൾ ഇരുട്ട് മുറിയിലിട്ട് ഒരു മരക്കസേരയിൽ എന്നെ ഇരുത്തിയതായാണ് കണ്ടത്. ഇലക്ട്രിക് ഷോക്ക് നൽകി. എന്നെ 15 ദിവസം ആ ഇരുണ്ട മുറിയിൽ പാർപ്പിച്ചു. കണ്ണുകൾ അടയ്ക്കാൻ അനുവദിച്ചില്ല. അത്രയ്ക്ക് അവസ്ഥയിലായിരുന്നു. ഞാൻ ഇന്ത്യൻ സെെന്യത്തിന്റെ ചാരനാണെന്ന് ഏറ്റുപറയാൻ നിർബന്ധിതനായി-യുവാവ് പറഞ്ഞു. ഭക്ഷണം നൽകിയിരുന്നു. എന്നാൽ ടോയ്‌ലെറ്റിൽ പോകാൻ മാത്രമേ എഴുന്നേൽക്കാൻ അനുവദിച്ചുള്ളൂ. അവർ എനിക്ക് ഇലക്ടിക് ഷോക്ക് നൽകി. സെെന്യം കയ്യക്ഷരങ്ങൾ പരിശോധിച്ചതായും യുവാവ് പറഞ്ഞു. അവിടെ സ്ഥാപിച്ച ബോർഡുകളുമായി ഒത്തുനോക്കാനായിരുന്നു അത്. എന്നാൽ ബോർഡുകളിലെ കയ്യക്ഷരവുമായി പൊരുത്തപ്പെട്ടില്ല. പറ‌ഞ്ഞ കാര്യങ്ങൾ അവർ റെക്കോർഡ് ചെയ്ത് ചെെനീസ് ഭാഷയിൽ വിവർത്തനം ചെയ്തു. തുടർ‌ന്ന് ഏപ്രിലിൽ മോചിതനാകാൻ സഹായിച്ചത് ഇന്ത്യൻ സെെന്യത്തിന്റെ ഇടപെടലാണെന്ന് യുവാവ് പറയുന്നു. അതിർത്തി പ്രദേശങ്ങളിലെ താമസക്കാരെ ചെെനീസ് സെെന്യം ഉപദ്രിവിക്കാറുണ്ടെന്ന് ടോഗ്ലി പറഞ്ഞു.