കേരളത്തിനു കൈത്താങ്ങുമായി മോദി, പിണറായിയെ ഫോണിൽ വിളിച്ച് സഹായം വാഗ്ദാനം ചെയ്തു

തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിനു സഹായവും കൈത്താങ്ങുമായി. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് വിളിച്ച് കേന്ദ്ര സഹായം വാഗ്ദാനം ചെയ്തു. മരിച്ചവരേയും അപകടത്തിൽ പെട്ടവരേയും കുറിച്ച് മുഖ്യമന്ത്രിയോട് പ്രധാനമന്ത്രി ചോദിച്ചു. പരിക്കേറ്റവരെയും ദുരന്ത ബാധിതവരെയും സഹായിക്കാന്‍ അധികാരികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചു. കേരളത്തില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും മൂലം ചിലര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരമാണ്. ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രിയേ വിളിച്ച ശേഷം പ്രധാനമന്ത്രി അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം പ്രധാനമന്ത്രി ടെലിഫോണില്‍ വിളിച്ച്‌ സംസ്ഥാനത്തെ മഴക്കെടുതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞതായി മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. അതിതീവ്രമഴയും ഉരുള്‍പൊട്ടലും അതിന്‍്റെ ഫലമായി ഉണ്ടായ ആള്‍നാശവും സംസ്ഥാനത്തിന് കനത്ത ആഘാതം ഏല്‍പ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആവശ്യമായ സഹായങ്ങള്‍ കേന്ദ്രം നല്‍കാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതായും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

അതിശക്തമായ മഴയും വെള്ളപ്പൊക്കവും നാശംവിതച്ച കേരളത്തിലെ പ്രളയ സാഹചര്യം നിരന്തരം നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.ദുരിതബാധിതരെ സഹായിക്കാൻ സാധ്യമായ എല്ലാ പിന്തുണയും കേരളത്തിന് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. രക്ഷാ പ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയെ അയച്ചു കഴിഞ്ഞു എന്നും എല്ലാവരുടെയും സുരക്ഷക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ആഭ്യന്തര മന്ത്രാലയം, ഭൗമമന്ത്രാലയം, ജലവിഭവ മന്ത്രാലയം എന്നിവര്‍ സംയുക്തമായാണ് കേരളത്തിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നത്. ജലനിരപ്പ്, കാലാവസ്ഥ, ദുരന്ത സാഹചര്യം എന്നീ കാര്യങ്ങള്‍ വകുപ്പുകള്‍ നിരീക്ഷിക്കുകയാണ്.

വെള്ളം ഇറങ്ങി, ഇനി ജാഗ്രത

വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീണുണ്ടാകുന്ന അപകടം ശ്രദ്ധയില്‍ പെട്ടാല്‍ കെ.എസ്.ഇ.ബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണം. തകരാര്‍ പരിഹരിക്കുന്ന പ്രവര്‍ത്തികള്‍ കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തണം. കെ.എസ്.ഇ.ബി ജീവനക്കാരുമായി പൊതുജനങ്ങള്‍ ക്ഷമയോടെ സഹകരിക്കണം. പൊതുജനങ്ങള്‍ നേരിട്ടിറങ്ങി ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യരുത്.
പത്രം,പാല്‍ വിതരണക്കാരും അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവരും വഴികളിലെ വെള്ളക്കെട്ടുകളില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. അപകടം സംശയിക്കുന്നപക്ഷം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.

കൃഷിയിടങ്ങളില്‍ കൂടി കടന്ന് പോകുന്ന വൈദ്യുതിലൈനുകള്‍ സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്‍പ് ഉറപ്പാക്കണം.
നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ ജോലി നിര്‍ത്തി വെച്ച് സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണം.എന്നുമാണ് നിർദേശം.