ഓട്ടോമൊബൈല്‍ വ്യവസായം, മധുരയിൽ രണ്ടു പ്രധാന സംരംഭങ്ങൾക്ക് തുടക്കംകുറിച്ച് പ്രധാനമന്ത്രി

മധുര: ഇന്ത്യന്‍ ഓട്ടോമോട്ടീവ് വ്യവസായത്തിലെ എംഎസ്എംഇകളെ പിന്തുണയ്‌ക്കുന്നതിനും ഉയര്‍ത്തുന്നതിനുമായി രൂപകല്‍പ്പന ചെയ്ത രണ്ടു പ്രധാന സംരംഭങ്ങൾക്ക് തമിഴ് നാട്ടിലെ മധുരയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ചു.ടി.വി.എസ് ഓപ്പണ്‍ മൊബിലിറ്റി പ്ലാറ്റ്‌ഫോം, ടി.വി.എസ് മൊബിലിറ്റി-സി.ഐ.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സ് എന്നിവയ്‌ക്കാണ് പ്രധാനമന്ത്രി സമാരംഭം കുറിച്ചത്.

രാജ്യത്തെ എം.എസ്.എം.ഇകളുടെ വളര്‍ച്ചയെ പിന്തുണയ്‌ക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഔപചാരികമാക്കുന്നതിനും ആഗോള മൂല്യ ശൃംഖലകളുമായി സംയോജിപ്പിക്കുന്നതിനും സ്വാശ്രയമാകുന്നതിനും അവരെ സഹായിക്കുകയെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ഒരു ചുവടുവയ്‌പ്പാണ് ഈ സംരംഭങ്ങൾ.

‘ഭാവി സൃഷ്ടിക്കല്‍ -ഓട്ടാമോട്ടീവ് എംഎസ്എംഇ സംരംഭകര്‍ക്കുള്ള ഡിജിറ്റല്‍ മൊബിലിറ്റി’ പരിപാടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, വാഹന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരെ (എംഎസ്എംഇ) അഭിസംബോധന ചെയ്തു. ഗാന്ധിഗ്രാമില്‍ പരിശീലനം ലഭിച്ച വനിതാ സംരംഭകരുമായും സ്‌കൂള്‍ കുട്ടികളുമായും അദ്ദേഹം ആശയവിനിമയം നടത്തി.