സി.പി.എം യോഗത്തില്‍ എസ്.ഐ.യും പോലീസുകാരനും, സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി

കോഴിക്കോട് : സി.പി.എം യോഗത്തില്‍ എസ്.ഐ.യും പോലീസുകാരനും പങ്കെടുത്ത സംഭവത്തിൽ സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍നടന്ന യോഗത്തില്‍ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ ജോയന്റ് സെക്രട്ടറിയും ട്രാഫിക് എസ്.ഐ.യുമായ സുനില്‍കുമാര്‍, ട്രാഫിക് സ്റ്റേഷനിലെത്തന്നെ സിവില്‍ പോലീസ് ഓഫീസറായ സുരേഷ് ബാബു എന്നിവരാണ് പങ്കെടുത്തത്.

മുക്കത്തിനടുത്ത് ചേന്നമംഗലം സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ആണ് പോലീസുകാരും പങ്കെടുത്തത്. യോഗത്തില്‍ പങ്കെടുത്ത പോലീസുകാരന്‍തന്നെ സംഭവം വാട്സാപ്പ് സ്റ്റാറ്റസായി ഇടുകയായിരുന്നു. ഇതോടെയാണ് ഇത് പുറത്തറിഞ്ഞത്. സിറ്റി പോലീസ് കമ്മിഷണര്‍ അന്വേഷിക്കുമെന്ന് ഉത്തരമേഖലാ ഐ.ജി. കെ. സേതുരാമന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സേനാംഗങ്ങള്‍ക്കിടയിലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാനും അസോസിയേഷന്‍ പിടിച്ചെടുക്കലിനും മറ്റുമായി പാര്‍ട്ടി ഓഫീസില്‍ ചിലര്‍ യോഗത്തിന് പോകാറുണ്ടെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതിനൊന്നും തെളിവുകള്‍ ഉണ്ടായിരുന്നില്ല. തെളിവുകള്‍ സഹിതം ഇത്തരം വീഡിയോ പ്രചരിക്കുന്നത് ആദ്യമായിട്ടാണ്.

ഇത്തരത്തിലുള്ള പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാൻ പോലീസ് ഓഫീസർമാർക്ക് നിയമപരമായി തടസമുണ്ട്. പോലീസ് അസോസിയേഷന്‍ രാഷ്ട്രീയേതരമാണെന്ന് സംഘടനയുടെ ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ ലംഘനമാണ് പോലീസ് ഉദ്യോഗസഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.