ഷാനവാസിന് ക്രിമിനൽ, ക്വട്ടേഷൻ, ലഹരി സംഘങ്ങളുമായി ബന്ധം ; ഇടനിലക്കാരനായി വിഹിതം കൈപ്പറ്റുന്നു ; പൊലീസ് റിപ്പോർട്ട്

ആലപ്പുഴ : കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ സിപിഎം നേതാവ് ഷാനവാസിനെതിരെ പൊലീസ് റിപ്പോർട്ട്. ഷാനവാസിന് ക്രിമിനൽ – ക്വട്ടേഷൻ – ലഹരി സംഘങ്ങളുമായി ബന്ധം ഉണ്ട്. ഇവരുടെ സാമ്പത്തിക ഇടപാടുകളിൽ ഇടനിലക്കാരനായി വിഹിതം കൈപ്പറ്റുന്നത് പതിവാണ്. ഇതെല്ലം നടത്തുന്നത് ഷ്ട്രീയ പിൻബലത്തിലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പോലീസ് തയ്യാറാക്കിയ റിപ്പോർട്ട് ഡിജിപിയ്ക്കും ആഭ്യന്തര വകുപ്പിനും റിപ്പോര്‍ട്ട് നല്‍കി.

ഷാനവാസിന്റെ വണ്ടിയില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ കരുനാഗപ്പള്ളിയില്‍ പിടിക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നത്. വാടകയ്ക്കു കൊടുത്ത വണ്ടിയില്‍ എന്താണു കൊണ്ടുവന്നതെന്ന് അറിയില്ലെന്ന ഷാനവാസിന്റെ വാദം പാര്‍ട്ടി തള്ളിയിരുന്നു . പുകയിലക്കടത്തില്‍ ഉള്‍പ്പെട്ടവര്‍ ആലപ്പുഴക്കാരാണെന്നതും അറസ്റ്റിലായ പ്രതി ഷാനവാസിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ വീഡിയോ പുറത്തുവന്നതോടെ ഷാനവാസ് വെട്ടിലായി. വിവാദങ്ങളെ തുടർന്ന് സി.പി.എമ്മിൽ നിന്നു ഷാനവാസിനെ സസ്പെൻഡ് ചെയ്തിരുന്നു.

തൊട്ട് പിന്നാലെ തന്നെ ഷാനവാസ് ഭൂമി തട്ടിപ്പ് കേസിലും പ്രതിയാണെന്ന വിവരങ്ങളും പുറത്തുവന്നു. നഗരസഭ സനാതനം വാർഡിൽ വി.ബി. ഗോപിനാഥന് അവകാശപ്പെട്ട ചാത്തനാട്ടെ 16 സെന്റ് ഭൂമി വ്യാജ പട്ടയവും വ്യാജ ആധാരവും തരപ്പെടുത്തി തണ്ടപ്പേര് തിരുത്തി അനിൽകുമാർ, തങ്കമണി, ഷാനവാസ് എന്നിവർ ചേർന്ന് 70.41 ലക്ഷം രൂപയ്ക്ക് വിറ്റു എന്നതാണ് കേസ്.

2022 ജനുവരിയിൽ നോർത്ത് പൊലീസ് ആലപ്പുഴ ചീഫ് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ വ്യാജരേഖകൾ ഉണ്ടാക്കിയത് ഷാനവാസ് ആണെന്നാണ് വിവരം. കരുനാഗപ്പള്ളി ലഹരി കടത്ത് കേസിൽ ഷാനവാസ് ഹാജരാക്കിയ വാടക കരാറിന്റെ രേഖകളിൽ നിരവധി പൊരുത്തക്കേടുകൾ നിലനിൽക്കുകയും വ്യാജമാണെന്ന് വ്യാപക ആക്ഷേപം ഉയരുന്നതിനുമിടയിലാണ് ഭൂമി തട്ടിപ്പ് പുറത്തുവരുന്നത്.