പുനീതിന്റെ മരണത്തിന് കാരണം ഡോക്ടറുടെ വീഴ്ചയെന്ന്; പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി

ബെംഗളൂരു: നിരവധി ഭീഷണി സന്ദേശം ലഭിക്കുന്നതിനാല്‍ നടന്‍ പുനീത് രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടര്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. വിക്രം ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ രമണ റാവുവിനെതിരെയാണ് ഭീഷണി സന്ദേശങ്ങള്‍. ഡോക്ടറുടെ ബംഗ്ലൂരുവിലെ വീട്ടിലും സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ് പൊലീസ്.

ഡോക്ടറുടെ വീഴ്ചയാണു പുനീതിന്റെ മരണത്തിനു കാരണമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്. ഒക്ടോബർ 29 ന് വീട്ടിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ നടനെ രമണ റാവുവിന്റെ വസതിയിലെ ക്ലിനിക്കിലാണ് ആദ്യമെത്തിച്ചത്.

അതേസമയം, പുനീത് രാജ്കുമാറിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ കരകയറാന്‍ കന്നഡ സിനിമാ മേഖലയ്ക്ക് ആയിട്ടില്ല. ഒക്ടോബര്‍ 29നായിരുന്നു പുനീത് വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 46കാരനായ പുനീതിന്റെ മരണം.

പുനീതിന് എന്താണ് സംഭവിച്ചതെന്നു പറയാൻ സാധിക്കില്ലെന്നായിരുന്നു മരണത്തിനു പിന്നാലെ രമണ റാവുവിന്റെ വിശദീകരണം. വളരെ ക്ഷീണം തോന്നുന്നുവെന്നാണ് പുനീത് പറഞ്ഞത്. ഇത്തരമൊരു വാക്ക് അപ്പുവിൽനിന്നു താൻ കേട്ടിട്ടില്ല. ആരോഗ്യ സംരക്ഷണത്തിൽ വളരെ ശ്രദ്ധാലുവായിരുന്ന അദ്ദേഹത്തെ മാതൃകയാക്കാൻ പലരോടും പറഞ്ഞിട്ടുണ്ട്. ക്ലിനിക്കിൽനിന്ന് അപ്പു കാറിൽ കയറിയപ്പോൾ തന്നെ ആശുപത്രിയിൽ എമർജൻസി ടീമിനോട് സജ്ജമാകാൻ നിർദേശിച്ചിരുന്നു.

പുനീതിന്റെ മരണത്തിന് പിന്നാലെ കര്‍ണാടകയിലെ വിവിധ ഭാഗങ്ങളിലായി നിരവധി ആത്മഹത്യാ ശ്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വിയോഗം താങ്ങാനാകാതെ ഇതുവരെ പത്ത് പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഏഴു പേര്‍ ആത്മഹത്യ ചെയ്തതാണ്. മൂന്ന് പേര്‍ താരത്തിന്റെ മരണ വാര്‍ത്ത അറിഞ്ഞുള്ള ഞെട്ടലില്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.