പോലീസ് വാഹനം എഐ ക്യാമറയില്‍ കുടുങ്ങിയത് 31 തവണ, പിഴ അടയ്ക്കാനുള്ളത് 23000 രൂപ

കൊല്ലം. എഐ ക്യാമറയില്‍ കുടുങ്ങിയ പോലീസ് വാഹനം പിഴ അടയ്ക്കുന്നില്ല. കൊല്ലം സിറ്റിയിലെ വിവിധ സ്റ്റേഷനുകളുടെ പരിധിയില്‍ പരിശോധനയ്ക്കായി നിയോഗിച്ചിരിക്കുന്ന കണ്‍ട്രോള്‍ റൂമിലെ സിആര്‍വി എട്ട് വാഹനമാണ് തുടര്‍ച്ചയായി നിയമലഘനം നടത്തുന്നത്.

ചാവറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം വാഹനം 31 തവണയാണ് നിയമലംഘനം നടത്തിയത്. യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ഇടാത്ത കുറ്റത്തിനാണ് കൂടുതല്‍ തവണയും പിഴ ലഭിച്ചത്. പിഴ ഇനത്തില്‍ മാത്രം 23000 രൂപയാണ് അടയ്ക്കാനുള്ളത്. ഇതില്‍ അഞ്ച് തവണ വീതം 2500 രൂപ അടച്ചു.

വാഹനം സംസ്ഥാന പോലീസ് മേധാവിയുടെ പേരിലാണ്. പിഴ ലഭിക്കുന്നതും അദ്ദേഹത്തിന്റെ പേരിലാണ്. അതേസമയം പോലീസ് വാഹനം ഗതാഗത നിയമം ലംഘിച്ചാല്‍ മോട്ടോര്‍വാഹന വകുപ്പ് ചുമത്തുന്ന പിഴത്തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ തന്നെ അടയ്ക്കണം എന്നാണ് ഡിജിപിയുടെ ഉത്തരവ്.