ബസ് യാത്രയ്ക്കിടെ യുവതിയെ കടന്നുപിടിച്ച പോലീസുകാരന് സസ്‌പെൻഷൻ

ഇടുക്കിയിൽ സ്വകാര്യ ബസിൽ യുവതിയ്ക്ക് നേരെ അതിക്രമം. യുവതിയെ കടന്നുപിടിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു. ഇടുക്കി പെരുവന്താനം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ അജാസ്മോനെയാണ് സസ്പെൻഡ് ചെയ്തത്. അജാസിനെതിരേ നേരത്തേ പൊൻകുന്നം പോലീസ് കേസെടുത്ത് അറസ്റ്റുചെയ്തിരുന്നു.

ശനിയാഴ്ച വൈകിട്ട് കോട്ടയത്തുനിന്ന് മുണ്ടക്കയത്തേക്ക് യാത്ര തിരിച്ച യുവതിയ്ക്കാണ് ബസിൽ വച്ച് ദുരനുഭവമുണ്ടായത്. ഒൻപതുമാസം പ്രായമുള്ള കുഞ്ഞുമായാണ് യുവതി ബസിൽ കയറിയത്. യാത്രയ്ക്കിടെ യുവതി കുഞ്ഞിന് പാലുകൊടുത്തിരുന്നു. ഈ സമയത്താണ് അജാസ് മോൻ കടന്നുപിടിച്ചതെന്നാണ് യുവതിയുടെ പരാതി.

സംഭവത്തിന് പിന്നാലെ പൊൻകുന്നത്ത് വച്ച് യുവതി ബസിൽനിന്നിറങ്ങി മറ്റൊരു ബസിൽ കയറിയിരുന്നു. എന്നാൽ, അജാസ് മോനും യുവതിയെ പിന്തുടർന്ന് ഇതേ ബസിൽ തന്നെ കയറി. ഇതോടെ യുവതി ഭർത്താവിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. തുടർന്ന് ബസ് കാഞ്ഞിരപ്പള്ളിയിൽ എത്തിയപ്പോൾ യുവതി ഇവിടെയിറങ്ങി. തൊട്ടുപിന്നാലെ പ്രതിയും ബസിൽ നിന്നിറങ്ങി. ഇതോടെ സ്ഥലത്തുണ്ടായിരുന്ന യുവതിയുടെ ബന്ധുക്കൾ പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിയെ പിന്നീട് പൊൻകുന്നം പോലീസിന് കൈമാറി.