മന്ത്രിയുടെ റൂട്ട് മാറ്റിയതിന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടി പിന്‍വലിച്ചു

മന്ത്രി പി.രാജീവിന്റെ റൂട്ട് മാറ്റിയെന്ന പേരില്‍ സസ്‌പെന്‍ഡ് ചെയ്ത പൊലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. തിരുവനന്തപുരം സിറ്റി ഗ്രേഡ് എസ്‌ഐ സാബുരാജന്‍, സിപിഒ സുനില്‍ എന്നിവര്‍ക്കെതിരായ നടപടിയാണ് പിന്‍വലിച്ചത്. പൊലീസ് സംഘടനകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിപ്പെട്ടതോടെയാണ് നടപടി. നെയ്യാറ്റിന്‍കരയില്‍നിന്ന് എറണാകുളത്തേക്കു പോയ മന്ത്രിയുടെ വാഹനത്തിന്റെ റൂട്ട് തിരുവനന്തപുരം കഴിഞ്ഞപ്പോഴാണ് മാറിയത്. ഇതില്‍ മന്ത്രിക്ക് ഇതില്‍ ബുദ്ധിമുട്ടുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തത്

പള്ളിച്ചലില്‍നിന്ന് കരമന കിള്ളിപ്പാലം വഴി അട്ടക്കുളങ്ങരയിലെത്തി ഈഞ്ചയ്ക്കല്‍ ജംക്ഷനില്‍നിന്നും ദേശീയപാതവഴി എറണാകുളത്തേക്കു പോകാനായിരുന്നു മന്ത്രിയുടെ ഓഫിസിന്റെ തീരുമാനം. അകമ്പടി വാഹനം മറ്റൊരു റൂട്ടിലൂടെയാണ് ദേശീയ പാതയില്‍ എത്തിയത്. മുന്‍നിശ്ചയിച്ച പ്ലാനില്‍ മാറ്റം വന്നതിനാല്‍ തന്നെ അതൃപ്തി തോന്നിയ മന്ത്രിയുടെ ഓഫീസ് അറിയിച്ചതിനെ തുടര്‍ന്നാണ് സസ്പെന്ഷന് നല്‍കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം.