റെയ്ഡ് ആർഎസ്എസ് അജണ്ട, എൻഐഎ പിടച്ച നേതാക്കളെ വിട്ടുകിട്ടിയില്ലെങ്കിൽ ഹർത്താൽ നടത്തും, പോപ്പുലർ ഫ്രണ്ട്

രാജ്യ വ്യാപകമായി നടന്ന എൻ ഐ എ റെയ്ഡിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ആദ്യ പ്രതികരണം പുറത്ത്. റെയ്ഡിനെ ചോദ്യം ചെയ്യുകയാണ്‌. ഇതെല്ലാം ആർ/എസ് എസ് അജണ്ടയാണ്‌. ആ അജണ്ടയാണ്‌ എൻ ഐ എയും കേന്ദ്ര സർക്കാരും നടപ്പിലാക്കുന്നത് എന്നും വൻ പ്രക്ഷോഭം നടത്തും എന്നും പോപ്പുലർഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫ് മുന്നറിയിപ്പ് നൽകി.കേരള വ്യാപകമായി നാളെ ഹർത്താൽ നടത്തുമെന്ന സൂചനയും നല്കി. കസ്റ്റഡിയിൽ എടുത്ത നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി നാളെ ഹർത്താൽ നടത്തുമെന്നാണ്‌ പോപ്പുലർ ഫ്രണ്ട് അറിയിച്ചിരിക്കുന്നത്. പോപ്പുലർഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫ് വാർത്താ സമ്മേളനത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹം പറയുന്നത് ഇങ്ങിനെ…ഭരണകൂട ഭീകരതയാണ് നടക്കുന്നത്. അർദ്ധരാത്രി വീടുകളിൽ കയറി എൻഐഎ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നിരോധിക്കാനാണ് നീക്കം എങ്കിൽ നടക്കില്ല. പോപ്പുലർഫ്രണ്ടിന്റെ ആശയങ്ങൾ പുതിയ തലമുറ ഏറ്റെടുത്ത് കഴിഞ്ഞെന്നും റൗഫ് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.

കസ്റ്റഡിയിൽ എടുത്ത നേതാക്കളെ ഉടൻ വിട്ടയക്കണം. ഇല്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും റൗഫ് പ്രതികരിച്ചു. രാവിലെ മുതൽ തന്നെ പല ജില്ലകളിലും പോപ്പുലർഫ്രണ്ട് പ്രവർത്തകർ പ്രതിഷേധവുമായി തടിച്ച് കൂടിയിരുന്നു. പരിശോധനയിൽ പ്രതിഷേധിച്ച് കണ്ണൂരിലും മലപ്പുറത്തും പോപ്പുലർഫ്രണ്ട് റോഡ് ഉപരോധിച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബോലോ തക്വീർ വിളിച്ചാണ് പ്രതിഷേധിക്കുന്നത്.

അതേ സമയം ദേശീയ തലത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ നിരവധി നേതാക്കളേ അറസ്റ്റ് ചെയ്തിട്ടുണ്ട്. 100ലധികം പേർ അറസ്റ്റിലായി എന്നാണ്‌ വരുന്ന വിവരങ്ങൾ. ദേശീയ ബാധ്യമങ്ങൾ എല്ലാം വൻ വാർത്തയായാണ്‌ എൻ ഐ എ റെയ്ഡ് പുറത്ത് വിട്ടിരിക്കുന്നത് . ടൈംസ് ഓഫ് ഇന്ത്യയുടെ തലക്കെട്ട് തന്നെ ഇങ്ങിനെയാണ്‌…തീവ്ര‘ ഇസ്ലാമിക സംഘടനയ്‌ക്കെതിരെ ഇന്ത്യയിൽ വൻ അടിച്ചമർത്തൽ, പിഎഫ്‌ഐയുടെ നൂറിലധികം നേതാക്കൾ അറസ്റ്റിൽ എന്നാണ്‌ ലീഡ് നല്കിയിരിക്കുന്നത് തന്നെ.റാഡിക്കൽ’ ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളിലും നേതാക്കളുടെ വീട്ടിലും എൻഐഎ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ ഏജൻസികളാണ്‌ വ്യാഴാഴ്ച്ച പുലർച്ചെ റെയ്ഡ് നടത്തിയത്.വ്യാഴാഴ്ച രാവിലെ 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഏകോപിപ്പിച്ച റെയ്ഡുകളിൽ നൂറിലധികം ഉന്നത നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തു. . കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, അസം, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി, പുതുച്ചേരി എന്നിവയാണ് റെയ്ഡുകൾ കണ്ട സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും.അക്രമപരവും തീവ്രവാദപരവുമായ പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന കേസുകളുടെ അന്വേഷണത്തിന്റെ കണ്ടെത്തലുകൾ കണക്കിലെടുത്ത് പോപ്പുലർ ഫ്രണ്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് 2017 ൽ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. മുസ്‌ലിംകൾക്ക് മേൽ മതയാഥാസ്ഥിതികത്വം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതിനും മലപ്പുറം ആസ്ഥാനമായുള്ള സത്യസരണി പോലുള്ള സഹോദര സംഘടനകളെ ഉപയോഗിച്ച് നിർബന്ധിത മതപരിവർത്തനം നടത്തുന്നതും കേന്ദ്ര ആഭ്യന്തിര മന്ത്രാലയത്തിനുലഭിച്ച റിപോർട്ടിൽ ഉണ്ട്.ദേശീയ സുരക്ഷയ്ക്ക് ഹാനികരമായ നടപടികളിൽ പോപ്പുലർ ഫ്രണ്ട് ഏർപെടുന്നു എന്നും ആരോപണം ഉണ്ട്

പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം സംഘടിപ്പിച്ചതിനാണ് ഇപ്പോൾ പോപ്പുലർ ഫ്രണ്ടിനെതിരേ നീക്കം നടത്തുന്നത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ ശ്രമിച്ചാൽ നേരിടുമെന്നും പോപ്പുലർഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫ് പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ അർധരാത്രി തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. മലപ്പുറത്ത് പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ എം.എ. സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും ദേശീയ സെക്രട്ടറി നസറുദീൻ എളമരത്തിന്റെ വീട്ടിലും റെയ്ഡ് നടത്തി. ഇവരെ എൻഐഎ കസ്റ്റഡിയിലെടുത്തു. സിആർപിഎഫ് ഭടൻമാരുടെ സുരക്ഷയിലാണ് റെയ്ഡ്. കേരള പോലീസിനെ അറിയിക്കാതെ ആണ് പലയിടത്തും റെയ്ഡ്. പോപ്പുലർ ഫ്രണ്ടിന്റെ പല നേതാക്കളുടേയും സാമ്പത്തിക ഇടപാടുകൾ മാസങ്ങളായി എൻഐഎ നിരീക്ഷണത്തിലായിരുന്നു. എല്ലാ തെളിവുകളും ലഭിച്ച ശേഷമാണ് അർധരാത്രിയോടെ രാജ്യമെമ്പാടും വ്യാപക റെയ്ഡ് ആംരഭിച്ചത്.  

കേരളത്തിൽ 50 സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തുന്നത്. തിരുവനന്തപുരത്ത് പിഎഫ്‌ഐ മുൻ ദേശീയ സമിതി അംഗത്തിന്റെ വീട്ടിൽ പരിശോധന നടത്തി. അഷറഫ് മൗലവിയുടെ വീട്ടിലാണ് എൻഐഎ പരിശോധന. മണക്കാട് ഓഫീസിലും പരിശോധന പുരോഗമിക്കുകയാണ്. പത്തനംതിട്ടയിൽ എസ്ഡിപിഐ ജില്ലാ സെക്രട്ടറി സാദിക് അഹമ്മദിന്റെ വീട്ടിലെ റെയ്ഡിന് പുറമേ പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡണ്ടിന്റെ പത്തനംതിട്ട കൊന്നമൂട്ടിലും റെയ്ഡ് നടത്തി.